
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ നടൻ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ ഫിലിപ്പ്. നടന്‍ പ്രേംകുമാര്‍ കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പ്രേംകുമാറിനെ കോൺഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ചെറിയാൻ ഫിലിപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിനെ കോൺഗ്രസ് കുടുബത്തിലേക്ക് 40 വർഷത്തെ ആത്മബന്ധമുള്ള സഹോദരൻ എന്ന നിലയിൽ സ്വാഗതം ചെയ്യുന്നുവെന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചത്.
പ്രേംകുമാറിന് കുടംബത്തിലേക്ക് സ്വാഗതം. നടൻ പ്രേംകുമാർ കെ.എസ്.യു പ്രവർത്തകനായിരുന്നപ്പോഴും പിന്നീട് ഇടതുപക്ഷ സഹയാത്രികനായിരുന്നപ്പോഴും എക്കാലവും എന്‍റെ ഉറ്റ സുഹൃത്തായിരുന്നുവെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. 1985-ൽ ചെമ്പഴന്തി എസ്.എൻ കോളജിൽ ആർട്ട്സ്ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് കെ.എസ്.യു സ്ഥാനാർത്ഥിയായി പ്രേംകുമാർ മത്സരിച്ചിരുന്നു. 1991-ൽ സഖാവ് പി. കഷ്ണപിള്ളയെക്കുറിച്ച് പി.എ. ബക്കർ സിനിമയെടുത്തപ്പോൾ പ്രേംകുമാറിനെ നായകനാക്കി. സ്വിച്ച്ഓൺ കർമ്മം നടത്തിയത് ഇ.എം.എസ് ആയിരുന്നു. ഷൂട്ടിംഗ് പൂർത്തിയായെങ്കിലും സിനിമ റിലീസായില്ല. സിനിമയെക്കുറിച്ച് അക്കാലത്തുതന്നെ ഞാൻ ബക്കറുമായും പ്രേംകുമാറുമായും ചർച്ച ചെയ്തിരുന്നു.
സഖാവ് കൃഷ്ണപിള്ളയെക്കുറിച്ച് കൂടുതൽ പഠിക്കാൻ നിർബന്ധിതനായ പ്രേംകുമാർ ക്രമേണ ഇടതുപക്ഷ സഹയാത്രികനായി. കോടിയേരി ബാലകൃഷ്ണനാണ് പ്രേംകുമാറിനെ ക്ഷണിച്ചു വരുത്തി ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനാക്കിയത്. പിന്നീട് ചെയർമാനാക്കി. അകാരണമായാണ് പ്രേംകുമാറിനെ തൽസ്ഥാനത്തുനിന്നും നീക്കിയത്. എന്‍റെ അറിവിൽ പ്രേംകുമാർ രാഷ്ട്രീയ സ്വഭാവമില്ലാത്ത തികഞ്ഞ കലാകാരനാണ്. ഒരു അധികാര ദുർമോഹിയോ ഭാഗ്യാന്വേഷിയോ അല്ല. ഏതു കാര്യത്തിലും നിലപാടും അഭിപ്രായവുമുള്ള ഉത്തമവ്യക്തിയാണ്. സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിനെ കോൺഗ്രസ് കുടുബത്തിലേക്ക് 40 വർഷത്തെ ആത്മബന്ധമുള്ള സഹോദരൻ എന്ന നിലയിൽ സ്വാഗതം ചെയ്യുന്നു- ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam