
തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളിൽ ഇടത് മുന്നണി യോഗത്തിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വീഴ്ചകൾ പർവതീകരിച്ച് കാണിക്കാൻ ശ്രമമെന്ന് ആരോപിച്ച മുഖ്യമന്ത്രി, പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചെന്നും വിശദീകരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 40 മിനിറ്റ് സമയമെടുത്താണ് മുഖ്യമന്ത്രി പൊലീസ് അതിക്രമങ്ങളിൽ വിശദീകരണം നടത്തിയത്. അതേസമയം, ഇപ്പോള്‍ ഉയർന്നുവരുന്നത് വർഷങ്ങൾ പഴക്കമുള്ള കേസുകളെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.
പൊലീസ് അതിക്രമങ്ങളിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ടി പി രാമകൃഷ്ണൻ ചോദിച്ചു. ഏതെങ്കിലും ഒരു പൊലീസുകാരനെതിരെ യുഡിഎഫ് നടപടി എടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പൊലീസിന് സമീപനം തന്നെ ഇപ്പോൾ മാറിയിട്ടുണ്ട്. നിരവധി പൊലീസുകാർ സർവീസുകളിൽ നിന്നും പുറത്തുപോയിട്ടുണ്ട്. പഴയ കേസുകൾ ആണെങ്കിലും സസ്പെൻഡ് ചെയ്തില്ലേ. പൊലീസ് നടപടികളെ ന്യായീകരിക്കാനോ, ലോക്കപ്പുകൾ മർദ്ദന കേന്ദ്രങ്ങൾ ആക്കാനോ ഇടതുപക്ഷ മുന്നണി അനുവദിക്കില്ലെന്നും ടി പി രാമകൃഷ്ണൻ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. സർക്കാരിന്റെ പ്രതിച്ഛായക്ക് യാതൊരു കോട്ടവും ഇല്ല. തെറ്റായ പ്രചരണങ്ങൾ നടക്കുന്നുണ്ട്. അത്തരം പ്രചാരണങ്ങൾ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam