
വിവാദ കൊടുങ്കാറ്റിനിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ. മാറി നിൽക്കണം എന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് തള്ളിയായിരുന്നു രാഹുലിന്റെ വരവ്.ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെ ആണ് രാഹുൽ എത്തിയത്. വരും ദിവസങ്ങളിലും രാഹുൽ സഭയിലെത്താൻ തീരുമാനിച്ചതിനാൽ സഭാ സമ്മേളന കാലമാകെ പ്രതിപക്ഷ നിര കടുത്ത പ്രതിരോധത്തിലുമാകും.
പേരൂർക്കട വ്യാജ മോഷണക്കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു. ഉന്നയിച്ചത്, മനുഷ്യാവകാശകമ്മീഷന് രേഖാമൂലം നൽകിയ പരാതിയിൽ. സർക്കാർ ജോലി നൽകണമെന്നും പരാതിയിൽ അപേക്ഷ. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂൾ മാനേജ്മെന്‍റ് നൽകിയ ജോലിയിൽ പ്രവേശിച്ച് ബിന്ദു.
ഇന്ത്യ യുഎസ് വ്യാപാര കരാർ ചർച്ച വീണ്ടും തുടങ്ങുന്നു. അമേരിക്കൻ ഉദ്യോഗസ്ഥർ ഇന്നു രാത്രി ദില്ലിയിലെത്തും. യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിൻച്ചിൻറെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിലേക്ക് വീണ്ടും ഉപകരണം വാങ്ങുന്നു. മൂത്രാശയക്കല്ല് പൊടിക്കുന്ന ഉപകരണം വാങ്ങാൻ ഭരണാനുമതി. 2023 മുതൽ ഉപകരണം കാലാവധി കഴിഞ്ഞെന്ന് ഡോ ഹാരിസ് ചൂണ്ടിക്കാണിച്ചിരുന്നു
ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണ്ണപ്പാളികളുടെ അറ്റകുറ്റപ്പണി നിയമാനുസൃതം തുടരാമെന്ന് ഹൈക്കോടതി. പണി വേഗം പൂർത്തീകരിച്ച് സന്നിധാനത്തെത്തിക്കണം. സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളിൽ അവ്യക്തതയെന്ന് കോടതി. കന്നിമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജികൾ നാളെ കഴിഞ്ഞ് കേൾക്കാമെന്ന് സുപ്രീംകോടതി. തടസഹർജിയുമായി ദേവസ്വം ബോർഡ്.
വീട് നിർമ്മിക്കാൻ സഹായം തേടി എത്തിയ വൃദ്ധനെ നിവേദനം വാങ്ങുക പോലും ചെയ്യാതെ മടക്കി അയച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭവന നിർമ്മാണം സംസ്ഥാനവിഷയം. വ്യാജ വാഗ്ദാനങ്ങൾ ആർക്കും നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് സുരേഷ് ഗോപി. പള്ളം സ്വദേശി കൊച്ചുവേലായുധന് വീട് വച്ച് നൽകുമെന്ന് സിപിഎം. സുരേഷ് ഗോപിയുടെ പെരുമാറ്റം വേദനിപ്പിക്കുന്നതെന്ന് കൊച്ചുവേലായുധൻ.
വഖഫ് നിയമഭേദഗതിയിലെ വിവാദ വ്യവസ്ഥകൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. കളക്ടർ അന്വേഷണം തുടങ്ങിയാലുടൻ വഖഫ് ഭൂമി അതല്ലാതാകുമെന്ന നിർദ്ദേശം കോടതി സ്റ്റേ ചെയ്തു.അഞ്ചു വർഷം ഇസ്ലാം മതാചാരം അനുഷ്ടഠിച്ചവർക്കേ വഖഫിന് അധികാരമുള്ളു എന്ന വ്യവസ്ഥയ്ക്കും സ്റ്റേ ഉണ്ട് അതേ സമയം നിയമം പൂർണ്ണമായും സ്റ്റേ ചെയ്യേണ്ട ആവശ്യം ബോധ്യപ്പെടുത്താൻ ഹർജിക്കാർക്കായില്ലെന്നും കോടതി വ്യക്തമാക്കി.
പത്തനംതിട്ട കോയിപ്രം മർദ്ദന കേസിൽ കൂടുതൽ ഇരകൾ ഉണ്ടെന്ന സംശയത്തിൽ പോലീസ്. യുവാക്കളെ കൂടാതെ മറ്റ് രണ്ട് പേരും മർദ്ദനത്തിന് ഇരയായിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. മുഖ്യപ്രതി ജയേഷിൻ്റെ ഫോണിലെ രഹസ്യഫോൾഡറിലുള്ള ദൃശ്യങ്ങൾ കേസിൽ നിർണായകമാണ്.
ജയിലിലേക്കുള്ള ലഹരി ഏറിൽ മുഖ്യപ്രതി പിടിയിൽ. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എത്തിക്കുന്ന ഒരാളെ കൂടി കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. അത്താഴക്കുന്ന് സ്വദേശി മജീഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ജയിലിലേക്ക് ലഹരി എറിഞ്ഞു കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി അക്ഷയ് പിടിയിലായിരുന്നു. ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് മജീഫ്. ഇയാൾ നിരവധി ലഹരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ്