കുറച്ചുനാളായി കുട്ടിക്ക് അസാധാരണ പെരുമാറ്റം; ജനലിൽ നിന്ന് പലതവണ ചാടിയിട്ടുണ്ടെന്ന് പരിക്കേറ്റ കുഞ്ഞിന്‍റെ അമ്മ

By Web TeamFirst Published Feb 23, 2022, 3:51 PM IST
Highlights

കുന്തിരിക്കം കത്തിച്ച് വെച്ചതിലേക്ക് വീണതോടെയാണ് ദേഹത്ത് പൊള്ളലുണ്ടായത്. ഈ മുറിവിന്മേൽ വീണ്ടും മകൾ മുറിവുകൾ ഉണ്ടാക്കുകയായിരുന്നു എന്നും കുട്ടിയുടെ അമ്മ പറയുന്നു.

കൊച്ചി: തൃക്കാക്കരയിലെ  (Thrikkakara) രണ്ടരവയസ്സുകാരിക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ അമ്മ. മകളെ ആരും ഉപദ്രവിച്ചതല്ലെന്ന് കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടിജിൻ മകളെ അടിക്കുന്നതായി താൻ കണ്ടിട്ടില്ല. മകൾക്ക് സാധാരണ കുസൃതിയാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളായി അസാധാരണമായ പെരുമാറ്റമാണ്. ജനലിന്റെ മുകളിൽ നിന്ന് പലതവണ ചാടിയിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്നവും പറഞ്ഞിട്ടില്ല. കുന്തിരിക്കം കത്തിച്ച് വെച്ചതിലേക്ക് വീണതോടെയാണ് ദേഹത്ത് പൊള്ളലുണ്ടായത്. പല ദിവസങ്ങളിലുണ്ടായ പരിക്ക് അവസാനം ഒരുമിച്ച് വന്നതാകാം. പനി കൂടിയതോടെ അപസ്മാര ലക്ഷണങ്ങളും കൂടി. ഈ മുറിവിന്മേൽ വീണ്ടും മകൾ മുറിവുകൾ ഉണ്ടാക്കുകയായിരുന്നു എന്നും കുട്ടിയുടെ അമ്മ പറയുന്നു.

അതേസമയം, കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു. വെന്റിലേറ്ററിൽ നിന്ന് കുട്ടിയെ മാറ്റി. എങ്കിലും 48 മണിക്കൂർ നിരീക്ഷണം തുടരും. ശ്വാസതടസ്സം കണ്ടാൽ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നേക്കാമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വൈകുന്നേരത്തോടെ ട്യൂബ് വഴി ദ്രവ രൂപത്തിൽ ഭക്ഷണം നൽകാനാകുമെന്ന് പ്രതീക്ഷ.

അതിനിടെ, താന്‍ ഒളിവിലല്ലെന്ന് തൃക്കാക്കരയിൽ ക്രൂരമായി ആക്രമിക്കപ്പെട്ട രണ്ടരവയസുകാരിക്കും കുടുംബത്തിനും ഒപ്പം താമസിച്ചിരുന്ന ആന്‍റണി റ്റിജിന്‍ പ്രതികരിച്ചു. പൊലീസിനെ ഭയന്നാണ് മാറിനില്‍ക്കുന്നതെന്നും നേരത്തെയുള്ള പരാതിയിൽ പനങ്ങാട് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും ആന്‍റണി പറഞ്ഞു. കുട്ടി കളിക്കുന്നതിനിടെ വീണാണ് പരിക്കേറ്റതെന്നാണ് ഇയാള്‍ പറയുന്നത്. ദേഹത്ത് പൊള്ളലേറ്റത് കുന്തിരിക്കം വീണാണെന്നും കുട്ടി കരഞ്ഞ് കാണാഞ്ഞതിനാലാണ് ആശുപത്രിയില്‍ എത്തിക്കാഞ്ഞതെന്നും ആന്‍റണി പറഞ്ഞു. നിരപരാധിത്വം തെളിയിക്കണമെന്നും ഇതിനായി പൊലീസിനെ ചെന്ന് ഉടൻ കാണുമെന്നും ആന്‍റണി ടിജിന്‍ പറഞ്ഞു. അപസ്മാരം കണ്ടതോടെ താനാണ് ആദ്യം ആശുപത്രിയിലെത്തിച്ചതെന്നും ടിജിന്‍ പറഞ്ഞു.

Read Also : രണ്ടരവയസ്സുകാരിയുടെ കുടുംബത്തിലേക്ക് യുവാവ് എത്തിയത് കഴിഞ്ഞ വർഷം; ബന്ധുകളെ അകറ്റി, അയൽവാസികളോടും അകൽച്ച

ആന്‍റണിയാകാം കുഞ്ഞിനെ പീഡിപ്പിച്ചതെന്നായിരുന്നു കുഞ്ഞിന്‍റെ അച്ഛന്‍  ഇന്നലെ പറഞ്ഞത്. കുട്ടിക്കും കുടുംബത്തിനുമൊപ്പം താമസിച്ചരുന്ന ആന്‍റണി ടിജിനെ ഉടന്‍ ചോദ്യം ചെയ്യേണ്ടതിലെന്നായിരുന്നു ഞായറാഴ്ച പൊലീസിന്‍റെ തീരുമാനം. അമ്മയുടെ സഹോദരിക്കും മകനുമൊപ്പം ഇയാള്‍ ഫ്ലാറ്റ് വിട്ടെങ്കിലും പൊലീസ് വിളിക്കുമ്പോഴെല്ലാം  ഫോണില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആന്‍റണിയാകാം മര്‍ദ്ദനത്തിന് പിന്നിലെന്ന  ആരോപണവുമായി കുഞ്ഞിന്‍റെ അച്ഛന്‍ ഇന്നലെ രംഗത്തെത്തി. കൂടാതെ ആന്‍റണിയുടെ സംശയാസ്പദമായ പശ്ചാത്തലത്തെകുറിച്ച പൊലീസിന് നിരവധി വിവരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ പകല്‍ മുഴുവന്‍ പൊലീസ് ആന്‍റണിയെ ചോദ്യം ചെയ്യാനായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മിക്കപ്പോഴും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

കുമ്പളത്തെ കുടുംബത്തിൻ്റെ പഴയ പരിസരവാസികൾ പറയുന്നത് ഇങ്ങനെ - 

മ‍‍ർദ്ദനമേറ്റ കുട്ടിയുടെ കുടുംബത്തിന് കഴിഞ്ഞ ഏഴ് മാസമായി ആരുമായും ബന്ധം ഉണ്ടായിരുന്നില്ലെന്ന് പരിസരവാസികൾ. എറണാകുളം കുമ്പളത്താണ് ഇവർ നേരത്തെ താമസിച്ചിരുന്നത്. 7 മാസം മുമ്പ് അപ്രതീക്ഷിതമായി ഇവ‍ർ ഇവിടം വിട്ട് പോയി. അമ്മയും രണ്ട് പെൺമക്കളും ഇവരുടെ രണ്ട് കുട്ടികളും മാത്രമുണ്ടായിരുന്ന വീട്ടിലേക്ക് ടിജിൻ ആൻ്റണി എന്ന യുവാവ് എത്തിയ ശേഷമാണ് കുടുംബം പരിസരവാസികളുമായുള്ള ബന്ധം പൂർണമായി ഒഴിവാക്കി വീട്ടിലേക്ക് ഒതുങ്ങിക്കൂടിയത്. പിന്നീട് വീട്ടിൽ ആളുണ്ടെങ്കിലും ​ഗേറ്റ് അടച്ചുപൂട്ടി ഇവ‍ർ അകത്തിരിക്കുന്നതായിരുന്നു അവസ്ഥ. 

ടിജിൻ ആൻ്റണി വന്നതിന് പിന്നാലെ തന്നെ അയൽവാസികളുമായി പലപ്പോഴും പ്രശ്നമുണ്ടായി. ഒടുവിൽ പൊലീസിൽ പരാതി നൽകുകയും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. പരിസരവാസികളുമായി ആരുമായും ടിജിൻ ആന്റണിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. ഇയാൾ പൊലീസിലാണ് ജോലി ചെയ്യുന്നതെന്നും തങ്ങളുടെ രക്ഷകനാണെന്നുമാണ് അവർ ഞങ്ങളോട് പറഞ്ഞത്. ഇപ്പോൾ ക്രൂരമ‍ർദ്ദനത്തിനിരയായ കുട്ടി ഹൈപ്പർ ആക്ടീവായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. തീ‍ർത്തും സാധാരണ നിലയിലാണ് ആ കുഞ്ഞ് എല്ലാവരോടും ഇടപെട്ട്പോന്നിട്ടുള്ളത്.  

ബന്ധുക്കൾ പറയുന്നത് - 
നിഗൂഡമായ രീതിയിലാണ് കുട്ടിയുടെ കുടുംബം കുമ്പളത്തെ വീട് വിട്ടു പോയത്. കുറച്ചു കാലമായി ആരോടും ഇവർ ഒന്നും പറഞ്ഞിരുന്നില്ല, ആരുമായും കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. കണ്ണൂരിലേക്ക് പോകുന്നെന്നാണ് ഒടുവിൽ പറഞ്ഞത്. പരിക്കേറ്റ കുട്ടിയ്ക്ക് ഇവിടെ നിന്ന് പോകുമ്പോൾ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. കുട്ടി ഹൈപ്പർ ആക്ടീവ് അല്ല, സാധാരണ കുട്ടിയായിരുന്നു, ഇവർക്കൊപ്പം താമസിച്ചിരുന്ന ടി ജിൻ എ.ടി.എസ് ഉദ്യോഗസ്ഥനായിരുന്നു എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. തങ്ങളുടെ രക്ഷകൻ എന്നാണ് ഇയാളെ ഇവർ വിശേഷിപ്പിച്ചിരുന്നത്. 

click me!