
തിരുവനന്തപുരം: ഓണക്കാലത്തേക്കുള്ള പൂവും പച്ചക്കറിയും വിളവെടുക്കാനായി തിരുവനന്തപുരം പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ കുട്ടി കർഷകർ കൃഷി ആരംഭിച്ചു. സ്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ ഒരേക്കർ സ്ഥലത്താണ് കൃഷി. സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പൂർണ പിന്തുണയും ബ്ലോക്ക് പഞ്ചായത്തിന്റെ പിഎംകെഎസ്‌വൈ പ്രോജക്റ്റിന്റെ സഹകരണവും കുട്ടികർഷകർക്കുണ്ട്.
കൃഷിപാഠങ്ങൾ പഠിക്കുന്നതോടൊപ്പം കൃഷിയും വിളവെടുപ്പും കാലാകാലങ്ങളിലുള്ള വളം ചെയ്യലും പരിചരണവും എല്ലാം കുഞ്ഞുമനസ്സുകൾക്ക് കൂടുതൽ ആനന്ദകരമാകുമെന്ന ഉത്തമ ബോധ്യത്തിലാണ് സ്കൂൾ ഈ പരിപാടിക്ക് മുന്നിട്ടിറങ്ങുന്നത്. കുഞ്ഞുമക്കളെ കൃഷിപാഠം പഠിപ്പിക്കാൻ സതീശൻ എന്ന യുവകർഷകനും ഒപ്പമുണ്ട്. അദ്ദേഹം കുഞ്ഞുങ്ങൾക്ക് നടിയിൽ രീതികളും കളപറിപ്പും ജലമൊഴിക്കേണ്ടുന്ന സമയക്രമങ്ങളുമൊക്കെ വിശദമായി പറഞ്ഞുകൊടുത്ത് അവർക്കൊപ്പം കൂടുന്നു. കുട്ടികളും അധ്യാപകരും കൃഷി ചെയ്യുന്ന പറമ്പിലെത്തിയതോടുകൂടി അതൊരു ഉത്സവപ്പറമ്പായി മാറി. സമീപവാസികളും അവർക്ക് പ്രോത്സാഹനവുമായി എത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എസ്കെ പ്രീജ കുട്ടികൾക്കൊപ്പം കൂടി ഔദ്യോഗികമായി നടീൽ കർമ്മത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിനകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു ദാസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പിആർ അജയഘോഷ്, ഹെഡ്മിസ്ട്രസ് റിൻസി സെബാസ്റ്റ്യൻ, പരിസ്ഥിതി ക്ലബ് കൺവീനർ ടീന ബി, അധ്യാപകരായ അനുപാർവ്വതി, അശ്വതി വേണുഗോപാൽ, ചിത്രലേഖ, ആഗ്നേയ് എന്നിവർ പച്ചക്കറി കൃഷി തുടക്കത്തിൽ പങ്കാളികളായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam