
പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ പൊലീസിൽ പരാതി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാമർശത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം. ഇന്നലെയാണ് സുരേഷ് ബാബു ഷാഫി പറമ്പിലിനെതിരെ ആരോപണമുന്നയിച്ചത്. ഇതിനെതിരെ ഷാഫി പ്രതികരിച്ച് രംഗത്തെത്തിയതോടെ ഷാഫിയുടെ പേര് പറഞ്ഞില്ലെന്നായിരുന്നു സുരേഷ് ബാബുവിൻ്റെ മലക്കംമറിച്ചിൽ. നിയമപരമായി നീങ്ങുമെന്നും ഇതാണോ സിപിഎമ്മിൻ്റെ രാഷ്ട്രീയമെന്നും ഷാഫി ചോദിച്ചിരുന്നു.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിച്ചു. ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നും കോൺഗ്രസിലെ പല നേതാക്കളും രാഹുലിന്‍റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പരിഹസിച്ചു. ലൈംഗിക പീഡന ആരോപണം നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമായതിന് പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെയും ഗുരുതര ലൈംഗിക ആരോപണം ഉയർന്നിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് അംഗീകരിക്കില്ല എന്നും, പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത് ശക്തമായ നടപടിയാണെന്നും, രാജി വെക്കണമെന്നും ഷാഫി പറയാൻ വെല്ലു വിളിക്കുകയാണ്. അതിനുള്ള ധൈര്യം ഷാഫിക്കുണ്ടാവില്ല. ഈ കാര്യത്തിൽ കൂട്ടുകച്ചവടമാണ്. രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫി. പിന്നെ എങ്ങനെയാണ് രാഹുലിനോട് കാര്യങ്ങൾ ചോദിക്കുകയെന്ന് ജില്ലാ സെക്രട്ടറി ചോദിക്കുന്നു.
എങ്ങനെയാണ് ഒരു രാഷ്ട്രീയ പ്രവർത്തകന് ഇങ്ങനെ പെരുമാറാനാകുന്നത്. കാണാൻ ഭംഗിയുള്ള ആരെയെങ്കിലും കണ്ടാൽ ബെംഗളൂരുവിന് ട്രിപ്പ് അടിക്കാമെന്നാണ് ഹെഡ് മാഷ് തന്നെ ചോദിക്കുന്നത്. അതിലും വലിയ അധ്യാപകരാണ് മുകളിലുള്ളത്. അതുകൊണ്ടാണ് വലിയ നേതാക്കൾ ഇവർക്കെതിരെ ഒന്നും മിണ്ടാത്തത്. രാഹുലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സസ്പെൻഡ് ചെയ്തതിന് പിന്നിലും ഒരു കാരണമുണ്ട്. വന്ന് വന്ന് മുറത്തിൽ കൊത്തിയപ്പോഴാണ് നടപടി ഉണ്ടായത്. അത് എന്താണെന്ന് വഴിയെ അറിയാമെന്നും സുരേഷ് ബാബു പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam