
കോഴിക്കോട്: ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കണ്ടറി സ്കൂളിൽ അഞ്ചാം ക്ലാസുകാരിയെ മർദിച്ചെന്ന പരാതിയിൽ അധ്യാപകനെതിരേ പൊലീസ് കേസെടുത്തു. സ്കൂളിലെ അറബിക് അധ്യാപകനായ മുബഷിറിനെതിരേയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. നവംബർ ആറിനായിരുന്നു സംഭവം.
ക്ലാസിൽനിന്ന് പുറത്തിറക്കി മറ്റുകുട്ടികളുടെ മുന്നിൽവെച്ച് പത്തുവയസ്സുകാരിയെ ചൂരൽ കൊണ്ട് തല്ലിച്ചതച്ചെന്നാണ് പരാതി. വേദനകൊണ്ട് പുളഞ്ഞ വിദ്യാർഥിനി വസ്ത്രത്തിൽ മൂത്രമൊഴിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. സ്കൂളിലെ മൈതാനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികൾക്കിടയിൽ തർക്കമുണ്ടായിരുന്നു. ഈ തർക്കവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരേ വിദ്യാർഥിനി പരാമർശം നടത്തിയെന്ന് പറഞ്ഞാണ് തല്ലിച്ചതച്ചതെന്നും പരാതിയിലുണ്ട്.
സംഭവത്തിന് പിന്നാലെ മകൾ കടുത്ത മാനസികസമ്മർദത്തിലാണെന്ന് പത്തുവയസ്സുകാരിയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി നൽകിയിട്ടും സ്കൂൾ മാനേജ്മെന്റ് അധ്യാപകനെ സംരക്ഷിക്കുകയാണ്. അറസ്റ്റ് ചെയ്യാതെ പൊലീസും പരാതിയിൽ നടപടി സ്വീകരിക്കുന്നില്ല. സംഭവത്തിന് ശേഷം കുട്ടിക്ക് കൗൺസിലിങ് ഉൾപ്പെടെ നൽകി. അപമാനം ഭയന്ന് കുട്ടി ക്ലാസിൽ പോകുന്നില്ല. അതിനിടെ രാഷ്ട്രീയമായി സ്വാധീനമുള്ള അധ്യാപകൻ പലവഴിക്കും ഒത്തുതീർപ്പിന് ശ്രമിക്കുകയാണ്. സാമ്പത്തിക സഹായവും വാഗ്ദാനംചെയ്തു. മകൾക്ക് നീതി ഉറപ്പാക്കാനായി ബാലവകാശ കമ്മീഷനടക്കം പരാതി നൽകിയതായും പിതാവ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam