എറണാകുളത്ത് എഎസ്ഐയെ കാണാനില്ലെന്ന് പരാതി; സിഐ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന ആരോപണം തള്ളി പൊലീസ്

By Web TeamFirst Published May 30, 2021, 7:29 AM IST
Highlights

ഹാർബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉത്തംകുമാറിനെ കാണാനില്ലെന്ന് പരാതിയുമായി ഭാര്യയാണ് പൊലീസിനെ സമീപിച്ചത്. വൈകി എത്തിയതിനു സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാർ നാടുവിട്ടതെന്നാണ് കുടുംബത്തിന്‍റെ ആരോപണം

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ എഎസ്ഐയെ കാണാനില്ലെന്ന് പരാതി. ഹാർബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉത്തംകുമാറിനെ കാണാനില്ലെന്ന് പരാതിയുമായി ഭാര്യയാണ് പൊലീസിനെ സമീപിച്ചത്. വൈകി എത്തിയതിനു സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാർ നാടുവിട്ടതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. എന്നാൽ ഈ ആരോപണം പൊലീസ് തള്ളി. 

ഇന്നലെ രാവിലെ മുതലാണ് ഹാർബർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉത്തംകുമാറിനെ കാണാതായത്. വ്യാഴാഴ്ച ഡ്യൂട്ടിക്ക് വൈകി എത്തിയതിന് സി ഐ ഹാജർ ബുക്കിൽ ഉത്തംകുമാർ അബ്സെന്റ് ആണെന്ന് രേഖപ്പെടുത്തി. ഇതേ തുടർന്ന് വീട്ടിൽ മടങ്ങി എത്തിയ ഉത്തംകുമാറിന് വൈകിട്ടോടെ കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശദീകരണം നൽകാൻ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലേക്ക് പോകുകയാണ് എന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയെങ്കിലും പിന്നീട് ഒരു വിവരവും ഇല്ലെന്ന് ഭാര്യ ദീപ പറയുന്നു.

ദീപയുടെ പരാതിയിൽ പള്ളുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിട്ടുണ്ട്. ഉത്തംകുമാറിന്റെ ഫോൺ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. ഉത്തംകുമാറിനൊപ്പം കാണാതായ കാറും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സിഐ മാനസികമായി പീഡിപ്പിച്ചെന്ന വാദം പൊലീസ് തള്ളി. വൈകിയെത്തിയതിനാൽ വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് സിഐ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!