
തൃശൂര്‍: റീത്ത് വച്ച് അവസാനത്തെ ഓട്ടവും പൂര്‍ത്തിയാക്കി ചീനിക്കാസ് ബസിന്‍റെ അന്തര്‍സംസ്ഥാന സര്‍വീസ് അവസാനിച്ചു. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി കാനനപാതയിലൂടെയുള്ള ചാലക്കുടി - വാല്‍പ്പാറ സര്‍വീസാണ് നിലച്ചത്. 62 വര്‍ഷക്കാലമായി ഇതുവഴിയുള്ള ഈ പെര്‍മിറ്റ് 2018 മുതലാണ് ചീനിക്കാസ് ഗ്രൂപ്പ് ഏറ്റെടുത്തത്. കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സര്‍വീസ് വന്നതാണ് ചീനിക്കാസ് ഗ്രൂപ്പിന് വിനയായത്. ചീനിക്കാസ് ഗ്രൂപ്പിന്‍റെ രണ്ട് ബസുകളാണ് ഇതുവഴി സര്‍വീസ് നടത്തിയിരുന്നത്.
കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര ആരംഭിച്ചതോടെയുണ്ടായ സാമ്പത്തിക ബാധ്യത സര്‍വീസിന്‍റെ താളംതെറ്റിച്ചു. രാവിലെ 6.45ന് ചാലക്കുടിയില്‍ നിന്നും പുറപ്പെട്ട് 11.30ന് വാല്‍പ്പാറയിലെത്തുകയും തിരിച്ച് 12ന് പുറപ്പെട്ട് അഞ്ചിന് ചാലക്കുടിയിലെത്തുന്ന തരത്തിലായിരുന്നു ആദ്യത്തെ സര്‍വ്വീസ്. ഉച്ചയ്ക്ക് 1.30ന് ചാലക്കുടിയില്‍ നിന്നും പുറപ്പെട്ട് വാല്‍പ്പാറയിലെത്തി പിറ്റേന്ന് രാവിലെ 7.30ന് വാല്‍പ്പാറയില്‍ നിന്നും ചാലക്കുടിയിലേക്ക് പുറപ്പെടുന്ന തരത്തിലാണ് മറ്റേ സര്‍വീസ് ക്രമീകരിച്ചിരുന്നത്. രണ്ട് സര്‍വീസുകളും ശനിയാഴ്ച നിര്‍ത്തിയതോടെ ചാലക്കുടിയില്‍ നിന്നും വാല്‍പ്പാറയിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസുകള്‍ പൂര്‍ണ്ണമായും ഇല്ലാതായി.
ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഏറെ ഉപകാരമായിരുന്ന ബസ് സര്‍വ്വീസുകളാണ് നിലച്ചത്. പ്രതിദിനം ഓരോ സര്‍വീസിനും ആറായിരം രൂപയുടെ നഷ്ടമാണുണ്ടാകുന്നതെന്ന് ബസുടമകള്‍ പറയുന്നു. ഭീമമായ നഷ്ടം സഹിച്ച് സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍വ്വീസുകള്‍ നിര്‍ത്തുന്നതെന്നും ഇവര്‍ പറഞ്ഞു. സര്‍വീസ് നിര്‍ത്തിതോടെ രണ്ട് ബസുകളിലായുള്ള പത്തോളം തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടമായി.
കൊവിഡ് കാലത്ത് ആദിവാസിളേയും തോട്ടം തൊഴിലാളികളേയും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് ചീനിക്കാസ് ബസുകള്‍ സൗജന്യമായി എത്തിച്ച് മാതൃകയായിരുന്നു. അനുകൂല സാഹചര്യമുണ്ടായാല്‍ വീണ്ടും സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് ബസുടമകള്‍ പറഞ്ഞു. ബസിന് മുന്നില്‍ റീത്ത് വച്ചാണ് രണ്ട് ബസുകളും അവസാന സര്‍വ്വീസ് നടത്തിയത്. അന്തര്‍ സംസ്ഥാന പാതയില്‍ വിവിധ കേന്ദ്രങ്ങളില്‍ ബസ് ജീവനക്കാര്‍ക്ക് പൂച്ചെണ്ടുകള്‍ നല്കി യാത്രക്കാരും ആദിവാസികളും തോട്ടംതൊഴിലാളികളും യാത്രയയപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam