കോന്നി സ്ഥാനാർത്ഥി: സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ തർക്കം, തീരുമാനം മണ്ഡലം കമ്മിറ്റിക്ക് വിട്ടു

By Web TeamFirst Published Sep 25, 2019, 2:44 PM IST
Highlights

മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തി കോന്നി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം

പത്തനംതിട്ട: കോന്നിയിലെ സിപിഎം സ്ഥാനാര്‍ത്ഥിത്വത്തില്‍ സമവായമായില്ല. കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല. 

ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ യു ജനീഷ് കുമാ‍ർ, സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിഐടിയു ജില്ലാ സെക്രട്ടറി പി ജെ. അജയകുമാർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് എം എസ് രാജേന്ദ്രൻ എന്നിവരാണ് നിലവിൽ സ്ഥാനാർഥി പട്ടികയിലുള്ളത്. ജില്ലക്ക് പുറത്ത് നിന്നുള്ളവരെയും പരിഗണിക്കാൻ സിപിഎം ആലോചിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തീരുമാനം ജില്ലാ സെക്രട്ടറിയേറ്റ് മണ്ഡലം കമ്മിറ്റിക്ക് വിട്ടു. 

1996ല്‍ സിപിഎമ്മിന് നഷ്ടമായതാണ് കോന്നി മണ്ഡലം. വിവിധ വികസന പദ്ധതികളുടെ പേരിലാണ്  അടൂർപ്രകാശ് തുടർച്ചയായി നിയമസഭയില്‍ എത്തിയതെന്ന് സിപിഎം നേതൃത്വത്തിന് നന്നായി അറിയാം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തി കോന്നി തിരിച്ചുപിടിക്കാനുള്ള എല്‍ഡിഎഫിന്‍റെ ഊര്‍ജ്ജിതശ്രമങ്ങള്‍ ഒന്നരമാസം മുന്‍പേ ആരംഭിച്ചുകഴിഞ്ഞു. ബൂത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് എല്‍ഡിഎഫ്.

Read Also: കോന്നി ഉപതെരഞ്ഞടുപ്പ്; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന്

click me!