പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാന കമ്മിറ്റി നിർദേശ പ്രകാരമുള്ള സ്ഥാനാർത്ഥി പട്ടിക സെക്രട്ടേറിയറ്റ് യോഗം തയ്യാറാക്കും. സംസ്ഥാന സമിതി അംഗങ്ങളും സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കും. രാവിലെ 11 മണിക്കാണ് യോഗം ചേരുക.

ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ യു ജനീഷ് കുമാ‍ർ, സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിഐടിയു ജില്ലാ സെക്രട്ടറി പി ജെ. അജയകുമാർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് എം എസ് രാജേന്ദ്രൻ എന്നിവരാണ് നിലവിൽ സ്ഥാനാർഥി പട്ടികയിലുള്ളത്. ജില്ലക്ക് പുറത്ത് നിന്നുള്ളവരെയും പരിഗണിക്കാൻ സിപിഎം ആലോചിക്കുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തി കോന്നി തിരിച്ചുപിടിക്കാനുള്ള എല്‍ഡിഎഫിന്‍റെ ഊര്‍ജിതശ്രമങ്ങള്‍ ഒന്നരമാസം മുന്‍പേ ആരംഭിച്ചുകഴിഞ്ഞു. ബൂത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.