'കൊവിഡ് മരണം കണക്കിലില്ല', തിരുവനന്തപുരത്തെ കൊവിഡ് മരണത്തിന്‍റെ സർക്കാര്‍ കണക്കിൽ ആശയക്കുഴപ്പം

Published : Aug 12, 2020, 07:16 AM ISTUpdated : Aug 12, 2020, 07:17 AM IST
'കൊവിഡ് മരണം കണക്കിലില്ല', തിരുവനന്തപുരത്തെ കൊവിഡ് മരണത്തിന്‍റെ സർക്കാര്‍ കണക്കിൽ ആശയക്കുഴപ്പം

Synopsis

ഔദ്യോഗിക കണക്കുകളിൽപ്പെടാത്ത കൂടുതൽ കൊവിഡ് മരണങ്ങൾ നടന്നിട്ടുണ്ടെന്ന സംശയം ഉയർത്തുകയാണ് വിദഗ്ധർ. 

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൊവിഡ് മരണങ്ങളിൽ സർക്കാറിന്റെ കണക്കുകളിൽ ആശയക്കുഴപ്പം. ജൂലൈ 31 വരെ ജില്ലയിൽ 34 പേരാണ് മരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ ക്ലസ്റ്റർ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ജില്ലയിലാകെ ഇതുവരെ 22 മരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വെബ് സൈറ്റിലെ കണക്ക്. ഔദ്യോഗിക കണക്കുകളിൽപ്പെടാത്ത കൂടുതൽ കൊവിഡ് മരണങ്ങൾ നടന്നിട്ടുണ്ടെന്ന സംശയം ഉയർത്തുകയാണ് വിദഗ്ധർ. 

ജൂലൈ 31 വരെ തിരുവനന്തപുരത്ത് 45 ക്ലസ്റ്ററുകളാണുള്ളത്. കൊവിഡ് 19 കാരണം ക്ലസ്റ്ററുകളിൽ 34 മരണങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ പൂന്തുറ ക്ലസ്റ്ററിലാണ്. 13 മരണമാണ് പൂന്തുറയിലുണ്ടായത്. സർക്കാരിന്റെ ഔദ്യോഗിക പോർട്ടലിലാകട്ടെ മരണം 22 എന്നാണുള്ളത്. വ്യാപനതോത് ഉയർന്നതോടെ കഴിഞ്ഞ മാസം മുതൽ വിശദമായ പഠനം നടത്തി തരംതിരിച്ച ശേഷം മാത്രമാണ് മരണം കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇതിനിടയിലാണ് ക്ലസ്റ്റർ റിപ്പോർട്ടിലെ ആശയക്കുഴപ്പം. എന്നാൽ കണക്കുകളിലെ വൈരുധ്യത്തെക്കുറിച്ച് ഔദ്യോഗികമായി ആരും പ്രതികരിക്കുന്നില്ല.

തരംതിരിക്കുന്നത് മാറ്റി നിർത്തിയാൽ കേരളത്തിലെ ഇതുവരെയുള്ള മരണസംഖ്യ 200നും മുകളിലാണെന്നും തരംതിരിക്കലിനോട് എതിർപ്പുള്ളവർ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്തെ വ്യാപനം നിയന്ത്രിണത്തിലാകുന്നില്ലെന്നും ക്ലസ്റ്റർ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പരിശോധനകളിലെ അന്തരവും വ്യക്തം. ക്ലസ്റ്ററുകളിൽ 287 കേസുകളുണ്ടായ മലപ്പുറത്ത് 11,779 പരിശോധനകൾ നടത്തിയപ്പോൾ, 3,527 കേസുകളുണ്ടായ തിരുവനന്തപുരത്ത് നടത്തിയത് 25,085 ടെസ്റ്റുകൾ. മലപ്പുറത്തെ അപേക്ഷിച്ച് പന്ത്രണ്ട് ഇരട്ടി കേസുകൾ തിരുവനന്തപുരത്തുണ്ടായപ്പോൾ, നടത്തിയത് മലപ്പുറത്തേതിന്റെ ഇരട്ടിയിലും അൽപ്പം കൂടുതൽ പരിശോധനകൾ. ആലുവയിലടക്കം വ്യാപനം നിയന്ത്രിക്കാനായപ്പോൾ തിരുവനന്തപുരത്ത് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളിൽ രോഗം കൂടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്