
കൽപ്പറ്റ: പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷമാക്കി ഉയർത്തുകയാണ് മുന്നണിയുടെ ലക്ഷ്യം. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ദിവസമാണ് സ്ഥാനാർത്ഥിയുടെ പര്യടനം തുടങ്ങുക. പാർട്ടിയുടെ 5 എംപിമാരും രണ്ട് എംഎൽഎമാരും വയനാട്ടിൽ പാർട്ടിയുടെ പ്രചാരണ സംവിധാനം ചലിപ്പിക്കും.
പ്രിയങ്ക വയനാടിന്റെ പ്രിയങ്കരി എന്ന് ഉറപ്പിക്കാൻ ഭൂരിപക്ഷം കൊണ്ടാണ് യുഡിഎഫ് തുലാഭാരം ഒരുക്കുന്നത്. അതിനായി താഴേത്തട്ട് വരെ സംഘടനാ സംവിധാനം സജ്ജമാണ്. പാണക്കാട് അബ്ബാസലി തങ്ങൾ ചെയർമാനും എപി അനിൽകുമാർ ജനറൽ കൺവീനറുമായി തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനം തുടങ്ങി. നിയോജകമണ്ഡല അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാക്കൾക്ക് പ്രത്യേക ചുമതല. കൽപ്പറ്റയിൽ രാജ്മോഹൻ ഉണ്ണിത്താൻ, ബത്തേരിയിൽ ഡീൻ കുര്യാക്കോസ്, മാനന്തവാടിയിൽ സണ്ണി ജോസഫ്, തിരുവമ്പാടിയിൽ എം കെ രാഘവൻ, നിലമ്പൂരിൽ ആന്റോ ആന്റണി, വണ്ടൂരിൽ ഹൈബി ഈഡൻ, എറനാട് സിആർ മഹേഷ്.
ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും പങ്കെടുക്കും. മൂന്ന് ദിവസം പഞ്ചായത്ത് തലത്തിലും രണ്ടു ദിവസങ്ങളിലായി ബൂത്ത് തലത്തിലും യുഡിഎഫ് കൺവെൻഷൻ വിളിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ദിവസം കൽപ്പറ്റയിൽ സ്ഥാനാർത്ഥിയുടെ വമ്പൻ റോഡ് ഷോയും ഉണ്ടാകും. രാഹുൽ ഗാന്ധിയാണ് ഇത്തവണ താര പ്രചാരകൻ. പ്രിയങ്കയുടെ കന്നി മത്സരത്തിൽ വോട്ട് ചോദിച്ച് സോണിയ ഗാന്ധി എത്തുമോ എന്നതും വയനാട് ഉറ്റുനോക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam