
കൊച്ചി: ആർഎസ്എസും (RSS) ബിജെപിയും (BJP) ചേർന്ന് നടത്തുന്ന ഭരണം രാജ്യത്തിൻറെ മതേതരത്വത്തിന് ഭീഷണിയെന്ന് സിപിഐ (CPI) നേതാവും രാജ്യസഭാ അംഗവുമായ ബിനോയ് വിശ്വം (Binoy Viswam) . ഇവരെ പുറത്താക്കാൻ വേണ്ടി രാജ്യത്തെ സോഷ്യലിസ്റ്റുകൾ എല്ലാം ഒരുമിക്കണം. സിപിഐ ഇപ്പോഴും വിശ്വസിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ് (Congress) രാജ്യത്ത് ഉദാരവൽക്കരണം നടപ്പിലാക്കിയത് എന്നാണ്. ഉദാരവൽക്കരണം നടപ്പിലാക്കിയതാണ് ഇപ്പോഴുള്ള മിക്ക പ്രശ്നങ്ങൾക്കും കാരണം. അതിന് കോൺഗ്രസ് മാത്രമാണ് ഉത്തരവാദിയെന്നും ബിനോയ് വിശ്വം പറഞ്ഞു.
പൊതുകമ്പനികളിൽ സ്വകാര്യപങ്കാളിത്തം എന്ന രീതി കോൺഗ്രസ് തുടങ്ങിവെച്ചതാണ്. അത് ബിജെപിയും തുടരുന്നു എന്നേയുള്ളൂ. ഇതാണ് മുമ്പ് പ്രസംഗങ്ങളിൽ താൻ പരാമർശിച്ചത്. അത് മാധ്യമങ്ങൾ തെറ്റായി നൽകി. രാജ്യത്ത് കോൺഗ്രസ് തകരണമെന്ന് ആഗ്രഹിക്കുന്നില്ല. അത് ബിജെപിയുടെയും ആർഎസ്എസിന്റെയും വളർച്ചയ്ക്ക് കാരണമാകും. രാജ്യത്തിൻറെ മതേതര സ്വഭാവവുമാകും അതുവഴി നശിക്കുക.
കമ്മ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ ശത്രു ബിജെപി-ആർഎസ്എസ് ആണ്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ പോലും രാഹുൽഗാന്ധിയെ കണ്ടില്ല. അദ്ദേഹം അപ്പോഴും വിദേശത്താണ്. ഇതാണ് കോൺഗ്രസിൻറെ ഇപ്പോഴത്തെ അവസ്ഥ.
നെഹ്റുവിൻറെ പല ആശയങ്ങളും കോൺഗ്രസ് മറക്കുകയാണ്. നെഹ്റുവിനെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ ഇറ്റലിയിൽ പോകുന്നതാണ് കോൺഗ്രസ് നേതാക്കൾക്ക് നല്ലത് എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam