കോൺഗ്രസിൽ ഇരട്ട പദവി വഹിക്കുന്ന 3 ഡിസിസി അധ്യക്ഷരെ മാറ്റാൻ തീരുമാനം

By Web TeamFirst Published Jan 19, 2021, 6:38 AM IST
Highlights

മോശം പ്രകടനം നടത്തിയ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ഡിസിസി
പ്രസിഡന്‍റുമാരെ മാറ്റാൻ തീരുമാനിച്ചെങ്കിലും ഉടൻ വേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ് എത്തുകയായിരുന്നു.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിലെ ഇരട്ട പദവി വഹിക്കുന്ന 3 ഡിസിസി അധ്യക്ഷമാരെ മാത്രം മാറ്റാൻ തീരുമാനം.പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ, എറണാകുളം ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ്,
വയനാട് ഡിസിസി അധ്യക്ഷൻ ഐ.സി.ബാലകൃഷ്ണൻ എന്നിവരെയാണ് മാറ്റുന്നത്. വി.കെ ശ്രീകണ്ഠൻ എംപിയും മറ്റുള്ളവർ എംഎൽഎമാരുമാണ്. പുതിയ അധ്യക്ഷന്മാരെ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും.

മോശം പ്രകടനം നടത്തിയ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ഡിസിസി
പ്രസിഡന്‍റുമാരെ മാറ്റാൻ തീരുമാനിച്ചെങ്കിലും ഉടൻ വേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ് എത്തുകയായിരുന്നു. പക്ഷേ വൈകാതെ ഡിസിസികൾ പുന:സംഘടിപ്പിക്കും. ഹൈക്കമാൻഡുമായുള്ള ചർച്ചകൾ ഇന്നും തുടരും. കെപിസിസി അധ്യക്ഷണ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ തുടരുകയാണ്. 

അതിനിടെ ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയ ഉമ്മൻചാണ്ടിയെ സ്വീകരിക്കാൻ പ്ലക്കാഡുകളും പൂക്കളുമായി പ്രവർത്തകർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ആദ്യം വിമാനത്താവളത്തിന് പുറത്തെത്തിയ രമേശ് ചെന്നിത്തല വേഗത്തിൽ മടങ്ങി. പിന്നാലെ എത്തിയ ഉമ്മൻചാണ്ടിയെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. ഉമ്മൻചാണ്ടി നയിക്കും എന്നെഴുതിയ പ്ലക്കാഡുകളുമായാണ് പ്രവർത്തകരെത്തിയത്. 

click me!