
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷ്, സിഎന്‍ ഉദയകുമാര്‍ എന്നിവരും കേരള സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ പദ്മിനി തോമസുമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പദ്മിനി തോമസിന്റെ മകന്‍ ഡാനി ജോണ്‍ സെല്‍വനും ഇന്ന് തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതുതായി പാര്‍ട്ടിയില്‍ ചേരാനെത്തിയവരെ സ്വീകരിച്ചത്.
തമ്പാനൂര്‍ സതീഷ് കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു. സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ പോകില്ലെന്നാണ് ഇതിനു പിന്നാലെ അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് കെ സുരേന്ദ്രനൊപ്പം കാറില്‍ എത്തുകയായിരുന്നു. ഇവര്‍ക്കൊപ്പമാണ് സി എന്‍ ഉദയകുമാറും ബിജെപി ഓഫീസിലെത്തിയത്. രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് പദ്മിനി തോമസ് എത്തിയത്. മകനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
അധികാര സ്ഥാനം വെച്ച് നീട്ടിയത് കൊണ്ടല്ല കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരുന്നതെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തുകയാണ്. സിഎഎയുടെ മറവില്‍ കുളം കലക്കി മീന്‍ പിടിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ നന്ദി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെയും യുപിഎ സര്‍ക്കാരിന്റെയും കാലത്തെ വികസനം തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ താരതമ്യം ചെയ്യപ്പെടുമെന്നും തിരുവനന്തപുരത്തെ വികസനവും ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam