സുരേഷ് ​ഗോപിക്കെതിരെ പൊലീസിൽ പരാതി നൽകി ടിഎൻ പ്രതാപൻ; 'ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് തൃശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധം'

Published : Aug 12, 2025, 12:32 PM IST
SURESH GOPI

Synopsis

തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗ്ഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തതെന്ന് പരാതിയിൽ പറയുന്നു.

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നൽകി കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗം ടിഎൻ പ്രതാപൻ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് കാണിച്ച് പ്രതാപൻ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗ്ഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തതെന്ന് പരാതിയിൽ പറയുന്നു.

തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115 -ാം നമ്പർ ബൂത്തിലാണ് വോട്ട് ചേർത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കുകയുള്ളൂ. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറിൽ സ്ഥിര താമസക്കാരനാണ്. തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം ഡിവിഷനിൽ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും പേരുകൾ അദ്ദേഹം കേന്ദ്രമന്ത്രിയായതിനുശേഷം നടന്ന റിവിഷനിലും അതേ പടി തുടരുന്നുവെന്നത് അദ്ദേഹം നടത്തിയ കൃത്രിമത്തിന് തെളിവാണ്.

സുരേഷ് ഗോപി 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന്നു തൊട്ടു മുൻപായിട്ടാണ് 115 -ാം നമ്പർ ബൂത്തിൽ ഏറ്റവും അവസാനമായി വോട്ട് ചേർത്തത്. വോട്ട് ചേർക്കുമ്പോൾ സ്ഥിര താമസക്കാരനണെന്ന രേഖയും സത്യ പ്രസ്താവനയും നൽകണം. ശാസ്തമംഗലം ഡിവിഷനിൽ സ്ഥിര താമക്കാരനായ സുരേഷ് ഗോപി തൃശൂരിൽ നൽകിയ സത്യ പ്രസ്താവനയും രേഖയും സത്യമല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. തൃശൂരിൽ സുരേഷ് ഗോപി നടത്തിയത് അസത്യ പ്രസ്താവനയാണ്. ഇതേ മാർഗ്ഗത്തിലൂടെ സുരേഷ് ഗോപിയും സഹോദരനുമുൾപ്പെടെ പതിനൊന്ന് പേരുടെ വോട്ടുകളാണ് ഒരേ വിലാസം കാണിച്ച് ഇത്തരത്തിൽ ചേർത്തത്. 

അതുകൊണ്ട് ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് സുരേഷ് ഗോപിയും കുടുംബവും ചെയ്തത് ക്രിമിനൽ കുറ്റമാണ്. ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ടിഎൻ പ്രതാപൻ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സുരേഷ് ഗോപി സമാനമായ രീതിയിൽ ഇത്തരത്തിൽ മറ്റൊരു കേസിൽ വിചാരണ നേരിടുന്ന പ്രതി കൂടിയാണ്. വ്യാജ സത്യവാങ്മൂലം നൽകി അനർഹനായി വോട്ടർ പട്ടികയിൽ കയറിക്കൂടിയ ഒരാൾക്ക് ജനപ്രതിനിധിയായി തുടരാൻ അവകാശമില്ല. സുരേഷ് ഗോപിയും കുടുംബവുമുൾപ്പെടെ നിരവധി വ്യാജ വോട്ടർമാരാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കയറിക്കൂടിയത്. ഈ വോട്ടർമാരെ അടിയന്തിരമായി നീക്കം ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. ഇത് സംബന്ധിച്ചു പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുമെന്നും ടിഎൻപ്രതാപൻ പറയുന്നു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനും എഐസിസി അംഗം അനിൽ അക്കരക്കുമൊപ്പം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തിയാണ് ടിൻ പ്രതാപൻ പരാതി നൽകിയത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കാലം പറഞ്ഞ കഥ സിനിമ' വിവാദം: വാദം ആവർത്തിച്ച് അഫാന്റെ പിതാവ്; സിനിമ വിചാരണയെ സ്വാധീനിക്കില്ലെന്ന് സെൻസർ ബോർഡ് അഭിഭാഷക
'പിആർ നിർമിതിയിലെ ഏറ്റവും ഫേക്ക് നേതാവ് ശൈലജ', കള്ളങ്ങൾ പറഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളെ പറ്റിക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ