
തിരുവനന്തപുരം: ഇടത് അണികളുടെ സൈബര്‍ ആക്രമണത്തില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ (PA Muhammed Riyas) യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ (Veena S Nair). ഡിവൈഎഫ്‌ഐ (DYFI) തനിക്കെതിരെ നടത്തുന്ന അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നായിരുന്നു ഡിവൈഎഫ്‌ഐ അഖിലേന്ത്യാ മുന്‍ പ്രസിഡന്റ് കൂടിയായ പി എ മുഹമ്മദ് റിയാസിനോട് വീണയുടെ അഭ്യര്‍ത്ഥന.
എന്റെയും പേര് വീണയാണ്. എന്റേയും മാംസം പച്ചയാണ് എന്നും റിയാസിനെ മെന്‍ഷന്‍ ചെയ്തുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ ഈ കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം മന്ത്രി വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച കുറിപ്പ് സൂചിപ്പിച്ചായിരുന്നു വീണയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'നിലവിട്ട അസംബന്ധ പ്രചാരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കുന്ന വേദനയെ വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയ്യപ്പെട്ടവള്‍' എന്നായിരുന്നു പങ്കാളി വീണ വിജയനെ വിവാഹ വാര്‍ഷിക ദിനത്തിലെ പോസ്റ്റില്‍ മന്ത്രി മുഹമ്മദ് റിയാസ് വിശേഷിപ്പിച്ചത്.
ഇത് സൂചിപ്പിച്ചാണ് വീണയുടെ പോസ്റ്റ്. നേരത്തെ കഴിഞ്ഞ 14ന് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ സ്ക്രീന്‍ ഷോട്ട് അടക്കം വീണ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. കെപിസിസി ആസ്ഥാനം ആക്രമിക്കപ്പെട്ടതിന് പിന്നാലെയുള്ള പ്രതിഷേധത്തിനിടെ സിപിഐഎം പതാക കത്തിച്ചതിന് ശേഷമാണ് വീണ എസ് നായര്‍ക്കെതിരെ വ്യാപകമായി സൈബര്‍ ആക്രമണം ഉണ്ടായത്.
രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരു സ്ത്രീക്കെതിരെ എന്തും പറയാം എന്ന പ്രവണത കേരളത്തില്‍ വളര്‍ന്നു വരുന്നുണ്ട്. അത് സമൂഹത്തിന് അപമാനമാണ്. ഡിവൈഎഫ്‌ഐ എത്ര സ്ത്രീ വിരുദ്ധമാണ് എന്ന് കാണണം. തനിക്കെതിരെ പരസ്യമായി ലൈംഗികാതിക്രമ ഭീഷണിയുണ്ടായി. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഭരണ വര്‍ഗ്ഗം പ്രതികരിക്കില്ല എന്ന് തനിക്ക് അറിയാമെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.
നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനും വീണയ്ക്കെതിരായ സൈബര്‍ ആക്രമണത്തെ അപലപിച്ച് രംഗത്ത് എത്തിയിരുന്നു. ഇതില്‍ വനിത കമ്മീഷന്‍ അടക്കം നടപടി എടുക്കാത്തത് എന്ത് എന്നായിരുന്നു സതീശന്‍റെ ചോദ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam