
തിരുവനന്തപുരം: നിര്‍ദ്ദിഷ്ട അതിവേഗ റെയിൽപാതയെ എതിര്‍ത്ത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. പദ്ധതിയെ എതിര്‍ക്കുമെന്ന് മുന്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും ഈ സര്‍ക്കാരിന്‍റെ കാലത്ത് ഒന്നും നടക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെവി തോമസ് പദ്ധതിയെ സ്വാഗതം ചെയ്തു. സംസ്ഥാനത്ത് വലിയ സമരത്തിന് കാരണമായ സംസ്ഥാന സര്‍ക്കാരിന്‍റെ സിൽവര്‍ ലൈൻ പദ്ധതി കേന്ദ്രം പൂര്‍ണമായി തള്ളിയാണ് പകരം അതിവേഗ റയിൽപാതയ്ക്ക് വിശദ പദ്ധതി രേഖ തയ്യാറാക്കാൻ ഇ. ശ്രീധരനെ റെയിൽവ മന്ത്രാലയം ചുമതലപ്പെടുത്തിയത്. എന്നാൽ, അതിവേഗ റെയിൽ പദ്ധതിയിലും എതിര്‍പ്പ് തുടരുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുമെന്നും ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതി വേണ്ടെന്നും കെ സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയിൽ പാത പോലുള്ള പലതും പറയുമെന്നും ഈ സര്‍ക്കാരിന്‍റെ കാലത്ത് ഒന്നും നടക്കാൻ പോകുന്നില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ റെയിൽ പദ്ധതി ഒഴിവാക്കിയെങ്കിൽ അതിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ ഒന്ന് ഊരി കളയാമോയെന്ന് ചോദിച്ച രമേശ് ചെന്നിത്തല ആളുകള്‍ക്ക് സ്ഥലം വിൽക്കാൻ പോലും കഴിയുന്നില്ലെന്നും പറഞ്ഞു. കെവി തോമസ് പറഞ്ഞ എന്തെങ്കിലും നടന്നിട്ടുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
വമ്പൻ ചെലവ് കേരളത്തിന് താങ്ങാനാകില്ലെന്ന് പറഞ്ഞാണ് സിൽവര്‍ ലൈനിനെ പ്രതിപക്ഷം നേരത്തെ എതിര്‍ത്തിരുന്നത്. അതിവേഗ റെയിൽപാതയ്ക്ക് മൊത്തം ചെലവ് ഒരു ലക്ഷം കോടിയാകും. 30,000 കോടിയെങ്കിലും സംസ്ഥാന ചെലവാക്കേണ്ടി വരും. തുരങ്കത്തിലും തൂണിലും നിര്‍മിക്കുന്ന അതിവേഗ റയിൽപാതയ്ക്കെതിരെയും സിൽവര്‍ ലൈനിൽ മഞ്ഞക്കുറ്റി ഊരിയെറിയുന്നതു പോലെയുള്ള സമരത്തിന് കോണ്‍ഗ്രസ് ഇറങ്ങുമോയന്നാണ് ഇനി അറിയേണ്ടത്. വ്യവസ്ഥകളോടെ ഭൂമി ഉടമയ്ക്ക് ഉപയോഗിക്കാൻ അനുമതി നൽകുമെന്ന വാഗ്ദാനവും സ്ഥലമേറ്റെടുപ്പിലെ എതിര്‍പ്പ് ഇല്ലാതാക്കുമോയെന്നും അറിയണം. എന്നാൽ, സിൽവര്‍ ലൈന് പകരം വരുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമാണെന്ന് വ്യക്തമാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ദില്ലയിലെ പ്രത്യേക പ്രതിനിധിയാണ് കെവി തോമസ്.
അതിവേഗ റെയിൽപാതയെ സ്വാഗതം ചെയ്ത കെ വി തോമസ്, മെട്രോമാൻ ഇ. ശ്രീധരൻ തയ്യാറാക്കിയ പദ്ധതി വിശദാംശങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം താനിത് കേന്ദ്ര റെയിൽ മന്ത്രാലയത്തിന് കൈമാറിയിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. കേരളത്തിന് ഇത്തരം ഒരു പാത ആവശ്യമാണ്. അതിവേഗ റെയിപ്പാതയെന്നതാണ് മുഖ്യമന്ത്രിയുടെ ആശയം. സിൽവർ ലൈനിന്നെ പലരും എതിർത്തു. എന്നാൽ, വന്ദേ ഭാരത് വന്നപ്പോൾ ഇതിന്‍റെ ആവശ്യം മനസ്സിലായി. പദ്ധതിയെ സ്വാഗതം ചെയ്യുകയാണ്. ഡിപിആർ പുറത്തുവരണം. കുറച്ചു ഭൂമി മാത്രം ഏറ്റെടുത്ത് ശ്രീധരന്റെ പദ്ധതി പ്രകാരം ഇത് നടപ്പാക്കാനാകുമെന്നും കെ വി തോമസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam