
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മതസാമുദായിക നേതൃത്വങ്ങളുമായി സൗഹൃദം ഉറപ്പാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. അയോധ്യ വിഷയത്തിലുള്‍പ്പടെ എന്‍എസ്എസ് നേതൃത്വം ബിജെപി അനുകൂല നിലപാടെടുത്തതും ക്രൈസ്തവ സഭാ നേതൃത്വങ്ങളിൽ ചിലത്
ബിജെപിയുമായി അടുത്തതും ഗൗരവമായാണ് പാര്‍ട്ടി കാണുന്നത്. സമസ്ത-ലീഗ് തര്‍ക്കങ്ങള്‍ വോട്ടുചോര്‍ച്ചയ്ക്കുള്ള കാരണമാകരുതെന്ന ലക്ഷ്യം വെച്ചാണ് മലബാറിലെ നീക്കങ്ങള്‍.
റബറിന്‍റെ താങ്ങുവിലയില്‍ വോട്ടിന് മോഹവിലയിട്ട തലശേരി രൂപതാധ്യക്ഷന്‍റെ പ്രസ്താവനയോടെ ഒന്നിളകി മറിഞ്ഞതാണ് യുഡിഎഫ്. ചങ്ങനാശ്ശേരി അരമന വരെ ഓടിയെത്തി കെപിസിസി പ്രസിഡന്‍റ് പൊടിക്കൈ പ്രയോഗിച്ചു. സ്നേഹസന്ദര്‍ശനങ്ങള്‍ തുടരുമെന്ന് പറഞ്ഞെങ്കിലും അത്രകണ്ട് മുന്നോട്ടുപോയില്ല. പി സി ജോര്‍ജിനെ പാര്‍ട്ടിയിലെത്തിച്ച് മധ്യതിരുവിതാംകൂറില്‍ പത്തുവോട്ടെങ്കിലും കൂട്ടാനുളള നീക്കത്തിലാണ് ബിജെപി. ഇതോടെ സഭാ നേതൃത്വവുമായി അടുപ്പമുള്ള നേതാക്കളെ ഇറക്കി വോട്ടുബാങ്ക് പൊളിയാതെ നോക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. സിറോ മലബാര്‍ സഭയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റോജി എം ജോണ്‍, ഓര്‍ത്തഡോക്സ്- യാക്കോഭായ സഭകളോട് ഒരേ അടുപ്പമുള്ള ചാണ്ടി ഉമ്മന്‍ തുടങ്ങി, പുതിയ തലമുറ നേതാക്കളെ വരെ ഇറക്കിയാണ് ഇഴയടുപ്പം ശക്തിപ്പെടുത്തുന്നത്. നേതാക്കളില്‍ പലര്‍ക്കും നേരത്തെയുണ്ടായിരുന്ന അടുപ്പം എന്‍എസ്എസ് നേതൃത്വവുമായി ഇപ്പോഴില്ലാത്തത് വലിയ പ്രശ്നമാണ്.
പെരുന്നയിലേക്കുള്ള വഴി വീതികൂട്ടാനാണ് നീക്കം. കെ മുരളീധരനാണ് പ്രധാന പാലം. കൊടിക്കുന്നിൽ സുരേഷിനും തിരുവഞ്ചൂരിനും നല്ല അടുപ്പവും. വെള്ളാപ്പള്ളി നടേശന്‍ അടുത്തൊന്നും വേറെ വെടിപൊട്ടിച്ചിട്ടില്ലാത്തതിനാല്‍ എസ്എന്‍ഡിപിക്കുള്ള എതിര്‍പ്പ് കുറഞ്ഞെന്ന് ആശ്വസിക്കുന്നുമുണ്ട്. അടൂർ പ്രകാശാണ് കണിച്ചുകുളങ്ങരയ്ക്കുള്ള കണക്ഷൻ. മലബാറില്‍ സമസ്തയും ലീഗ് നേതാക്കളും തമ്മിലുള്ള ചെറുതല്ലാത്ത ഭിന്നിപ്പ് മുന്നണിക്ക് വലിയ പ്രശ്നമാകുമോ എന്ന ആശങ്കയുണ്ട്. സമസ്തയെ മാത്രമല്ല, എപി സുന്നി വിഭാഗത്തെയും കൂടെക്കിട്ടുമോയെന്നും നോക്കുന്നുണ്ട്. സാമുദായിക നേതൃത്വവുമായുള്ള സൗഹൃദം ഉറപ്പാക്കാന്‍ പാര്‍ട്ടിക്ക് പ്രത്യേകം സമിതികള്‍ തന്നെ വേണമെന്ന ആവശ്യവും മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam