
തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിനുള്ള കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്നും നാളെയും തിരുവനന്തപുരത്ത് പാർട്ടി നേതാക്കളെ കാണും. സിറ്റിങ്ങ് എംഎല്‍എമാരെ മത്സരിപ്പിക്കുന്നതിൽ ഉൾപ്പെടെ അഭിപ്രായം തേടും. സ്ഥാനാർഥി നിർണയത്തിന് പാനൽ നൽകാൻ ഡിസിസി പ്രസിഡന്‍റുമാരോട് സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച ഇന്നും തുടരും. രണ്ടു വട്ടം ചർച്ച നടത്തിയെങ്കിലും സീറ്റ് വച്ചു മാറലിൽ ഇതുവരെ തീരുമാനമായിട്ടില്ല.
കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിലെ ഘടക കക്ഷികളുടെ അവകാശവാദത്തിന് ഇതുവരെ അനുകൂലമായി പാർട്ടി പ്രതികരിച്ചിട്ടില്ല. നാല് സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിന് പി ജെ ജോസഫ് വിഭാഗം വഴങ്ങിയിട്ടുമില്ല. ഇതിനിടെ ചർച്ചകൾക്കായി പി വി അൻവർ ഇന്നലെ പ്രതിപക്ഷ നേതാവിന്‍റെ വസതിയിൽ എത്തിയിരുന്നു. ബേപ്പൂരിലെ സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത് യുഡിഎഫ് ആണെന്നും മറ്റ് ജില്ലകളിൽ യുഡിഎഫിന് ജയിക്കാൻ കഴിയാതിരുന്ന സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അൻവർ പറഞ്ഞു. എന്നാൽ സീറ്റ് വിഭജനത്തിൽ പിടിവാശിയില്ല. തീരുമാനം യുഡിഎഫിന് വിടുന്നു. നിരുപാധിക പിന്തുണയാണ് നൽകിയിട്ടുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തു.
അതേസമയം, കേരള കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനത്തിന് മുന്‍പേ ഏറ്റുമാനൂർ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങൾ സജീവമാക്കി കോൺഗ്രസ്. കൈപ്പത്തി ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥി ഉണ്ടാവണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം. എന്നാൽ, പകരം സീറ്റ് ഇല്ലാതെ ഏറ്റുമാനൂർ വിട്ട് നൽകാൻ കേരള കോൺഗ്രസും തയ്യാറല്ല. നാലര പതിറ്റാണ്ടിനിടെ കോൺഗ്രസ് ഏറ്റുമാനൂരിൽ മത്സരിച്ചിട്ടില്ല. കഴിഞ്ഞ തവണ ലതിക സുഭാഷ് തല മൊട്ടയടിച്ച് പ്രതിഷേധിച്ച് പാർട്ടി വിടാൻ കാരണമായ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ കോണ്‍ഗ്രസിൽ നിന്ന് സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്ന കുറെയധികം പേരുണ്ട്. അതിനാൽ തന്നെ സംസ്ഥാന യുഡിഎഫിനും കോണ്‍ഗ്രസ് നേതൃത്വത്തിനും തലവേദനയാകും ഏറ്റുമാനൂർ. കേരള കോൺഗ്രസിന്‍റെ കൈയ്യിലുള്ള സീറ്റിൽ ഇത്തവണ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു കോട്ടയം ജില്ലാ നേതൃത്വം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam