
ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് സ്ഥാനാർത്ഥികളില്ലെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരേയും ഒരു പോലെയാണ് കാണുന്നതെന്ന് സോണിയ ഗാന്ധി അറിയിച്ചു. തൻ്റെ സന്ദേശം താഴേക്ക് നൽകാൻ സോണിയ ഗാന്ധി നിർദ്ദേശം നല്‍കി.
അതേസമയം, കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ശശി തരൂരിനെ സംസ്ഥാന നേതാക്കൾ തള്ളി. രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്നാണ് കെപിസിസിയുടെ ആഗ്രഹം. രാഹുൽ അല്ലെങ്കിൽ നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ പിന്തുണ ഉണ്ടാകൂ എന്ന് കെ മുരളീധരൻ പറഞ്ഞു. തരൂരിന്‍റെ മത്സരം ഗൗരവത്തോടെ കാണുന്നില്ലെന്നാണ് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചത്. എ-ഐ ഗ്രൂപ്പുകൾ പരാതി ഉന്നയിച്ചതോടെ രാഹുലിനായി പ്രമേയം പാസ്സാക്കാനാണ് കെപിസിസിയുടെ നീക്കം.
Also Read: 'നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്ക് പിന്തുണ',തരൂരിനെ കെപിസിസി പിന്തുണക്കില്ല-കെ.മുരളീധരൻ
കേരളത്തിൽ നിന്നും പാർട്ടി ദേശീയ അധ്യക്ഷൻ വരുന്നതിൽ ചില നേതാക്കൾക്ക് അനുകൂല നിലപാട് ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ നെഹ്റു കുടുംബത്തിനൊപ്പമെന്ന കീഴ്വഴക്കം തെറ്റിക്കാൻ കേരളഘടകമില്ല. ഹൈക്കമാൻഡിനെ ചോദ്യം ചെയ്ത തരൂരിൻ്റെ നടപടിയടക്കം പറഞ്ഞാണ് പരസ്യമായി തള്ളിപ്പറയൽ. തരൂരിൻ്റെ ജനപ്രീതി എന്നും പ്രയോജനപ്പെടുത്താൻ കെപിസിസി ആഗ്രഹിക്കുമ്പോഴും പാർലമെൻ്ററി രംഗത്ത് നല്ല പ്രകടനത്തിനപ്പുറം പാർട്ടിയെ നയിക്കാൻ ആയോ എന്നാണ് കേരള നേതാക്കളുടെ പ്രാധാന ചോദ്യം.
അധ്യക്ഷനാകാൻ ഇല്ലെന്ന് ജോഡോ യാത്രക്കിടെ തന്നെ രാഹുൽ കേരള നേതാക്കളോട് ആവർത്തിച്ചതാണ്. എങ്കിലും മറ്റ് പല പിസിസികളെന്ന പോലെ കേരളവും ആവശ്യപ്പെടുന്നത് രാഹുലിൻ്റെ വരവ് തന്നെയാണ്. ദില്ലിയിലെ വരും ദിനങ്ങളിലെ നിർണ്ണായക ചർച്ചക്കൊടുവിൽ രാഹുലിൻ്റെ എന്‍ട്രി പലരും ഇപ്പോഴും പ്രതീക്ഷിക്കുന്നുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam