
തിരുവനന്തപുരം: നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന ആവശ്യവുമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ ആൻസല ദാസ്. കരിങ്കൊടി കാണിച്ചതിന് അകമ്പടി വാഹനം മനപ്പൂർവം ഇടിപ്പിച്ചെന്നായിരുന്നു പരാതി. ആലപ്പുഴയിലെ സമാന സംഭവത്തില്‍ അന്വേഷണം തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യവുമായി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന ആൻസല ദാസ് രംഗത്തെത്തിയത്.
കരിങ്കൊടി കാണിച്ച തന്നെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചിടുകയും മുൻചക്രം കാലിലൂടെ കയറ്റിയിറക്കുകയുമായിരുന്നുവെന്ന് ആൻസല ദാസ് പറഞ്ഞു. ചക്രം കയറിയിറങ്ങിയതിനെ തുടർന്ന് കാലിലെ എല്ല് പൊട്ടി പുറത്തുവന്നു. വീണുകിടന്ന തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇരുമ്പ് ദണ്ഡും പട്ടിക കഷ്ണം കൊണ്ടും മർദിക്കുകയും ചവിട്ടുകയും ചെയ്തു. ഒരാഴ്ചയോളം ആശുപത്രിയിൽ കിടന്നുവെന്നും നാലര ലക്ഷത്തോളം രൂപ ചികിത്സാ ചെലവായെന്നും ആൻസല ദാസ് പറഞ്ഞു.
2023 ഡിസംബഡർ 28ന് നവകേരള സദസ്സിന്റെ സമാപന ദിനം കാട്ടാക്കടയിലായിരുന്നു സംഭവം. കാട്ടാക്കടയിൽനിന്ന് അരുവിക്കര മണ്ഡലത്തിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുന്നതിനിടെ ആണ് കാട്ടാക്കട മാർക്കറ്റിന് സമീപത്ത് ആൻസല ദാസിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
ആലപ്പുഴയിൽ നടന്ന നവകേരള സദസ്സിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ വി ഡി സതീശൻ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം പുരോഗമിക്കുന്നതിനിടെ ആണ് മറ്റൊരു കോൺഗ്രസ് പ്രവർത്തകനും സമാന വിഷയത്തിൽ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
ആലപ്പുഴയിലെ മർദനത്തിൽ മുഖ്യമന്ത്രിയുടെ ഗൺന്മാൻ അനിൽ കുമാർ, സുരക്ഷ സംഘത്തിലെ സന്ദീപ് എന്നിവരെ പ്രതിചേർത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂടുതൽ പേർ ലാത്തികൊണ്ട് മർദിക്കുന്നത് ദൃശ്യങ്ങളിൽ ഉള്ളതിനാൽ പ്രതികളുടെ എണ്ണം ഉയരും. മർദനമേറ്റ എ ഡി തോമസിൻ്റെ അജയ് ജുവൽ കുര്യാക്കോസിന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam