
മലപ്പുറം : കോൺഗ്രസ് നേതാവ് ശശി തരൂർ പങ്കെടുക്കുന്ന പ്രഭാഷണ പരിപാടിക്കായി മലപ്പുറം ഡിസിസി തയ്യാറാക്കിയ പോസ്റ്ററിനെ ചൊല്ലി വിവാദം. 'തരൂർ കണ്ട ഇന്ത്യ 'എന്ന പരിപാടിക്കായി ഹൈന്ദവ ചിഹ്നങ്ങൾ മാത്രം അടങ്ങിയ പോസ്റ്റർ തയ്യാറാക്കി എന്നാണ് വിമർശനം. ഇതിനെതിരെ എസ്കെഎസ്എസ്എഫ് നേതാക്കൾ ഉൾപ്പെടെ രംഗത്ത് എത്തി. മത ചിഹ്നങ്ങൾ നല്ലതാണെങ്കിലും അത് ഏകപക്ഷീയമായി പ്രദർശിപ്പിക്കുന്നതിൻ്റെ ചേതോവികാരം മനസ്സിലാകുന്നില്ലെന്നും ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ കേരളത്തിലടക്കം ബിജെപി സ്നേഹ സന്ദേശ ജാഥ തീരുമാനിക്കുമ്പോഴാണ് കോൺഗ്രസ് ഇങ്ങനെ ചെയ്യുന്നതെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.
ലവ് ജിഹാദ്, കോടഞ്ചേരി മിശ്രവിവാഹം, മലപ്പുറത്തെ അധ്യാപകൻ്റെ പീഡനത്തിലെ സ്കൂളിൻ്റെ അലംഭാവം ഇവയിലൊന്നും നിലപാടില്ലാത്ത മലപ്പുറം ഡിസിസി ശശി തരൂരിൻ്റെ പോസ്റ്ററിനെ വികൃതമാക്കുന്നത് ലജ്ജാകരമാണെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ സാംസ്കാരിക വൈവിധ്യങ്ങൾ വിളിച്ചോതുന്ന നിരവധി പോസ്റ്ററുകൾ ഇറക്കിയെന്നും അതിലൊന്ന് മാത്രമാണ് ഇതെന്നും മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് പറഞ്ഞു. ആരെയും വേദനിപ്പിക്കാൻ ശ്രമം നടത്തിയില്ല. രാജ്യത്തു നടക്കുന്ന ന്യൂനപക്ഷ വേട്ടക്ക് എതിരാണ് പ്രഭാഷണ പരിപാടി. അതിന്റെ പോസ്റ്റീവ് ഗുണത്തിലേക്ക് പോകാതെ വെറുതെ പേരിനു ഒരു വിവാദം ഉയർത്തുകയാണെന്നും വിഎസ് ജോയ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam