കൊറോണ വൈറസ്: സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം; വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തം

By Web TeamFirst Published Jan 22, 2020, 1:49 PM IST
Highlights

കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണം.

തിരുവനന്തപുരം: കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്... പടര്‍ന്ന് പിടിച്ച് കൊറോണ വൈറസ്

ചൈനയില്‍ 'കൊറോണ'യെന്ന മാരക വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പ്രത്യേക ആരോഗ്യപരിശോധന തുടങ്ങിയിട്ടുണ്ട്. . വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാന്‍ തായ്‌ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ കണ്ടെത്തി.

നാല് രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയത്. ഇതിനിടെ 'കൊറോണ' മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണെന്ന് കഴിഞ്ഞ ദിവസം ചൈന സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് വിഷയത്തിന്റെ തീവ്രത അളവിലധികം വര്‍ധിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ് 'കൊറോണ' എന്ന നിഗമനമായിരുന്നു ആദ്യമുണ്ടായിരുന്നത്. അങ്ങനെയെങ്കില്‍ വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള സാഹചര്യമുണ്ടാവുമായിരുന്നു. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും എന്ന കണ്ടെത്തല്‍ വന്‍ തിരിച്ചടിയായി.

കൊറോണ വൈറസ്; യുഎഇ സുരക്ഷിതമെന്ന് ആരോഗ്യ മന്ത്രാലയം

ജലദോഷത്തില്‍ തുടങ്ങി ന്യൂമോണിയയുടെ ലക്ഷണങ്ങളിലേക്കെത്തുന്നതാണ് 'കൊറോണ' വൈറസ് ബാധയില്‍ ആദ്യഘട്ടത്തില്‍ സംഭവിക്കുക. തുടര്‍ന്ന് ശ്വാസകോശത്തെയാണ് രോഗം ബാധിക്കുക. 2002-03 വര്‍ഷങ്ങളില്‍ ചൈനയിലും ഹോംഗ്‌കോംഗിലും പടര്‍ന്നുപിടിച്ച 'സാര്‍സ്'വൈറസിന്റേതിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് 'കൊറോണ'വൈറസിലും നടക്കുന്നത്.

ഭയന്നത് സത്യം;'കൊറോണ' മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരും

 

 

click me!