സ്പെഷ്യല്‍ അലവന്‍സ് കൈപ്പറ്റി; വഖഫ് ബോര്‍ഡ് മുന്‍ സിഇഒ ബി മുഹമ്മദ് ജമാലിനെതിരെ വിജിലന്‍സ് അന്വേഷണം

By Web TeamFirst Published Nov 30, 2022, 2:53 PM IST
Highlights

2005 ല്‍ മുഹമ്മദ് ജമാലിനോട് അധികമായി കൈപ്പറ്റിയ വരുമാനം തിരിച്ചടക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപെട്ടിരുന്നുവെങ്കിലും അടച്ചില്ല. ഇതോടെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. 

ഇടുക്കി: വഖഫ് ബോര്‍ഡ് മുന്‍ സി ഇ ഒ ബി മുഹമ്മദ് ജമാലിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. പദവിയിലിരുന്ന കാലത്ത് അര്‍ഹിക്കാത്ത ആനുകൂല്യം കൈപ്പറ്റുക വഴി ബി മുഹമ്മദ് ജമാല്‍ അഴിമതി കാട്ടിയെന്ന വാഴക്കാല സ്വദേശി ടി എം അബ്ദുള്‍ സലാമിന്‍റെ പരാതിയിലാണ് വിജിലന്‍സ് കോടതി ഉത്തരവ്. വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ചിനാണ് അന്വേഷണ ചുമതല.

ഗവണ്‍മെന്‍റ് അഡീഷണല്‍ സെക്രട്ടറിയുടെയും വക്കഫ് ബോര്‍ഡ് സി ഇ ഒയുടെയും പോസ്റ്റ് ഒരേ പദവിയിലുള്ളതാണെന്ന് കാണിച്ച് അഡീഷണല്‍ സെക്രട്ടറിക്ക് കിട്ടുന്ന ആനുകൂല്യങ്ങളെല്ലാം മുഹമ്മദ് ജമാല്‍ കൈപ്പറ്റിയെന്നായിരുന്നു അബ്ദുള്‍ സലാമിന്‍റെ പരാതി. 2005 മുതല്‍ ഇങ്ങനെ കൈപ്പറ്റിയ ആനുകൂല്യം തിരികെ അടക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ചെന്നും പരാതിക്കാരന്‍ കോടതിയെ അറിയിച്ചു.

അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. ഇത് പരിഗണിച്ച കോടതി 60 ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ചിട്ടും ജമാലിനെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ എരണാകുളം റേഞ്ചിലെ ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണ ചുമതല. കേസ് വീണ്ടും ജനുവരി 7 - ന് പരിഗണിക്കും.

 

click me!