
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. മന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയിലാണ് യോഗം. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സാധ്യത. ആദ്യഘട്ടത്തില്‍ മെച്ചപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കൊവിഡ് വ്യാപനം നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിഞ്ഞ കോഴിക്കോട്ട് ഇപ്പോള്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട്ടാണ്.
883 പേർക്കാണ് ഇന്നലെ മാത്രം ജില്ലയിൽ രോഗം സ്ഥരീകരിച്ചത്. കോര്‍പ്പറേഷന്‍ പരിധിയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇന്നലെ മാത്രം 433 രോഗികള്‍. തീരപ്രദേശങ്ങളിലും കൊവിഡ് രോഗികള്‍ പെരുകുകയാണ്. പാളയം മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം 760 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 233 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഓണത്തിന് ശേഷമാണ് ജില്ലയില്‍ കൊവിഡ് വ്യാപനത്തിന്‍റെ തോത് കൂടിയത്. കൊവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വലിയ വീഴ്ച വരുന്നതായി അരോഗ്യ വകുപ്പ് പറയുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ന് മന്ത്രി എ കെ ശശീന്ദ്രന്‍റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ അടിയന്തര യോഗം ചേരുന്നത്. ജില്ലയിലെ കൊവിഡ് സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തും. രോഗം അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള‍് ഏര്‍പ്പെടുത്തിയേക്കും.
4979 പേരാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 755 പേര്‍ ചികിത്സയില്‍ കഴിയുന്നത് വീടുകളില്‍. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗികള്‍ക്ക് പ്രത്യേക ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ തയ്യാറാക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രത്യേക എല്‍എഫ്ടിസികള്‍ ഒരുക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam