പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ 733 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലെന്ന് കളക്ടര്‍ പി ബി നൂഹ്. ഇതില്‍ 435 ഓളം ആളുകളെ ഇന്ന് കണ്ടെത്തിയതാണെന്നും കളക്ടര്‍ അറിയിച്ചു. 18 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.  ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട റാന്നി സ്വദേശികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവര്‍ ബന്ധപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. പരിശോധനയ്ക്കായി അയച്ച 45 രക്തസാമ്പിളുകളില്‍  5 എണ്ണം മാത്രമാണ് പോസിറ്റീവ്.  21 സാമ്പിളുകള്‍ നെഗറ്റീവാണെന്നും 19 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ടെന്നും കളക്ടര്‍ പറഞ്ഞു. 

ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിവര്‍ മൂവായിരത്തോളം ആളുകളുമായി ബന്ധപ്പെട്ടിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മൂവായിരത്തോളം ആളുകള്‍ എന്നത് ഒരു കണക്കുകൂട്ടല്‍ മാത്രമാണെന്നും അത്രയും എണ്ണത്തിലേക്ക് പോകാന്‍ സാധ്യത കുറവാണെന്നും കളക്ടര്‍ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച കുടുംബത്തിന്‍റെ കോള്‍ വിവരങ്ങള്‍ പരിശോധിച്ചതായും അതില്‍ ഇവര്‍ പറയാത്ത എന്നാല്‍ ബന്ധം പുലര്‍ത്തിയ 10 പേരെ ലഭിച്ചതായും കളക്ടര്‍ പറഞ്ഞു. 

അതേസമയം കുടുംബവുമായി ബന്ധപ്പെട്ട ചിലര്‍ അധികൃതരുമായി ബന്ധപ്പെട്ടതായും കളക്ടര്‍ പറഞ്ഞു. പോസ്റ്റ് ഓഫീസില്‍ ഉണ്ടായിരുന്ന നാല് സ്റ്റാഫുകള്‍ സ്വമേധയ പരിശോധനയ്ക്കായി വന്നു. കൂടാതെ കുടുംബം പോയ ചില സ്ഥലങ്ങളെക്കുറിച്ച് വിവരം ലഭിച്ചു. അവര്‍ പോയ ഒന്നുരണ്ട് സ്ഥാപനങ്ങളുടെ വിവരം മറ്റ് സോഴ്‍സുകളില്‍ നിന്നും ലഭിച്ചു. കുടുംബത്തിന്‍റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്‍ചയുണ്ടായി. ആയിരത്തിനടുത്ത് ആളുകളെ ഇനിയും ട്രേസ് ചെയ്യേണ്ടതുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ആംബുലന്‍സില്‍ പോവുന്നതിന് കുടുംബം തയ്യാറല്ലാതിരുന്നതിനാല്‍ എതുവിധേനയെങ്കിലും അവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനാണ് സ്വകാര്യ വാഹനത്തില്‍ പോകാന്‍ അനുമതി നല്‍കിയതെന്നും കളക്ടര്‍ പറഞ്ഞു. 

പത്തനംതിട്ടയില്‍ നടക്കുന്ന പരിപാടികള്‍ ഒഴിവാക്കാന്‍ മതമേലധ്യക്ഷന്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. എന്‍എസ്എസ് തങ്ങളുടെ 120 ഓളം സ്ഥാപനങ്ങളിലെ പരിപാടികള്‍ ഒരുമാസത്തോളം ഒഴിവാക്കും. ക്നാനായ, മാര്‍ത്തോമ്മ, കത്തോലിക്കാ പള്ളികളില്‍ നിന്നും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന്   അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. നിരവധി വിവാഹങ്ങള്‍ നീട്ടിവച്ചിട്ടുണ്ട്. എസ്എസ്എല്‍സി പരീക്ഷകള്‍ നാളെ തുടങ്ങുന്നതിനാല്‍ കുട്ടികല്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രൈമറി കോണ്ടാക്റ്റ് ലിസ്റ്റില്‍ വന്നിട്ടുള്ള രണ്ടുകുട്ടികളെ പരീക്ഷ എഴുതിച്ച് തിരികെ കൊണ്ടുവരുന്നതിനായുള്ള നപടികള്‍ സ്വീകരിച്ചതായും കളക്ടര്‍ വ്യക്തമാക്കി.

"