സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്; വാഹനപരിശോധന കർശനമാക്കും, നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

By Web TeamFirst Published Apr 21, 2020, 7:07 AM IST
Highlights

ഇളവിന്റെ ആദ്യ ദിവസമായ ഇന്നലെ കൂട്ടത്തോടെ വാഹനങ്ങൾ നിരത്തിലിറങ്ങിയത് കണക്കിലെടുത്ത് പൊലീസ് ഇന്ന് കൂടുതൽ കർശനമായി പരിശോധന നടത്തും.

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവിന്റെ രണ്ടാം ദിനമായ ഇന്ന് പൊലീസ് കൂടുതൽ കർശനമായി പരിശോധന നടത്തും. കാട്ടുപാതകളിലും ഇടവഴിയിലും വാഹനപരിശോധന കർശനമാക്കും. ഇരട്ട അക്ക നമ്പറിൽ അവസാനിക്കുന്ന വാഹനങ്ങൾക്കാണ് ഇന്ന് നിരത്തിലിറങ്ങാൻ അനുമതി. ഹോട്ട്സ്പോട്ട് ഒഴികെ ഉള്ള സ്ഥലങ്ങളിലാണ് അനുമതിയുള്ളത്. അതേസമയം, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനായി ലോക്ക് ഡൗൺ ഇളവുകളിൽ ചില ജില്ലാ ഭരണകൂടങ്ങൾ മാറ്റം വരുത്തിയിട്ടുണ്ട്. 

ഇളവിന്റെ ആദ്യ ദിവസമായ ഇന്നലെ കൂട്ടത്തോടെ വാഹനങ്ങൾ നിരത്തിലിറങ്ങിയത് കണക്കിലെടുത്ത് പൊലീസ് ഇന്ന് കൂടുതൽ കർശനമായി പരിശോധന നടത്തും. അതേസമയം, കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് ലോക്ക് ഡൗൺ ഇളവുകളിൽ മാറ്റം വരുത്തിയതായി ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. ഗ്രീൻസോൺ ജില്ലകളായ കോട്ടയത്തും ഇടുക്കിയിലും ഓട്ടോ ടാക്സി സർവീസുകൾക്ക് അനുമതിയില്ല. ജ്വല്ലറികളും തുണിക്കടകളും തുറക്കാൻ പാടില്ല. തിരുവനന്തപുരത്തും പാലക്കാടും നഗരാതിർത്തികൾ അടച്ചിടും. ആറ് അതിർത്തി പ്രദേശങ്ങളിലൂടെ മാത്രമേ തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശനം അനുവദിക്കൂ. 

Also Read: കേന്ദ്രത്തിന്റെ മുന്നറിയിപ്പ്: ഇടുക്കിയിലും കോട്ടയത്തും ലോക്ക് ഡൗൺ ഇളവുകളിൽ മാറ്റം

ഒരു പോയിന്റിലൂടെ മാത്രമേ പാലക്കാട് നഗരത്തിലേക്ക് പ്രവേശനമുണ്ടാകൂ. വയനാടും അവശ്യസേവനങ്ങൾക്ക് മാത്രമാണ് ഇനി അനുമതിയുള്ളൂ. ഇതിന് പുറമേ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കടകൾക്കും അക്ഷയകേന്ദ്രങ്ങൾക്കും തുറക്കാം. കോട്ടയത്ത് സർക്കാർ ഓഫീസുകളിൽ 33 ശതമാനം ജീവനക്കാർ ഹാജരായാൽ മതി. അതേസമയം, സർക്കാർ ജീവനക്കാർക്ക് ജോലിയുടെ ആവശ്യത്തിനായി സമീപ ജില്ലകളിൽ പോകാൻ അനുമതിയുണ്ട്. കണ്ണൂരില്‍ ഇന്ന് മുതൽ ട്രിപ്പിള്‍ ലോക്ക് ഡൗൺ നടപ്പാക്കാൻ ആണ് തീരുമാനം. 

Also Read: അതിര്‍ത്തികള്‍ അടയ്ക്കും; തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ കര്‍ശന നിയന്ത്രണം

കൊവിഡ് കേസുകൾ തുടർച്ചയായി കൂടുന്ന കണ്ണൂരിൽ ഇന്ന് മുതൽ അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടി ക്വാറന്റെൻ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കാസർകോട് മാതൃകയിൽ ട്രിപ്പിൾ ലോക്ക് സംവിധാനത്തിൽ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും കർശന പരിശോധന ഏർപ്പെടുത്തി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഐജി അശോക് യാദവിന്റെ മേൽ നോട്ടത്തിൽ മൂന്ന് എസ്പി മാർക്കാണ് നിരീക്ഷണ ചുമതല. അത്യാവശ്യ മരുന്നുകൾക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാം. 

Also Read: കണ്ണൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കി; നാളെ മുതൽ ട്രിപ്പിൾ ലോക്ക്

അതേസമയം, ആലപ്പുഴ ജില്ലയിലെ ഹോട്ട്സ്പോട്ടുകൾ തിരുത്തി ഉത്തരവിറക്കി. തണ്ണീർമുക്കം, മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകൾ ഹോട്ട്സ്പോട്ട്  ആക്കി പുതിയ ഉത്തരവിറങ്ങി. ഇവിടങ്ങളിൽ പൂർണ ലോക്ക് ഡൗൺ ആയിരിക്കും. ചെങ്ങന്നൂർ നഗരസഭയെയും മുഹമ്മ പഞ്ചായത്തിനെയും ഹോട്ട്സ്പോട്ടുകൾ നിന്ന് ഒഴിവാക്കി. 

click me!