തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള കണ്ണൂർ ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ക‍‍ർക്കശമാക്കി സർക്കാ‍ർ. നാളെ മുതൽ ജില്ലയിൽ ട്രിപ്പിൾ ലോക്ക് നടപ്പാക്കാൻ പൊലീസിന് നി‍ർദേശം ലഭിച്ചു. രോ​ഗവ്യാപനം ശക്തമായപ്പോൾ കാസ‍ർകോട് ജില്ലയിൽ നേരത്തെ ട്രിപ്പിൾ ലോക്ക് നടപ്പാക്കിയിരുന്നു. 

ട്രിപ്പിൾ ലോക്ക് നടപ്പാക്കുന്നതോടെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ക‍ർശന പരിശോധനയായിരിക്കും നാളെ മുതലുണ്ടാവുക. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ക‍ർശന നടപടി സ്വീകരിക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നി‍ർദേശം. ഇത്തരക്കാരുടെ വണ്ടികൾ പൊലീസ് പിടിച്ചെടുക്കും. അത്യാവശ്യ മരുന്നുകൾ വേണ്ടവർ തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇന്ന് ആറ് പേ‍ർക്കാണ് കണ്ണൂ‍ർ ജില്ലയിൽ കൊവിഡ് രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂരിലുള്ളവർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും അവിടെയും കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ ഒരുങ്ങുകയാണെന്നും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ജില്ലയിലെ ജനങ്ങൾ പോയ ഒരു മാസത്തോളം കർശനമായ നിയന്ത്രണങ്ങളിൽ ബുദ്ധിമുട്ടിയെങ്കിലും അതിനിപ്പോൾ ഫലം കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കണ്ണൂരിലുള്ളതിലും കൂടുതൽ പേർ കൊവിഡ് രോഗത്തിന് ചികിത്സയിലുണ്ടായിരുന്നത് കാസർകോടാണ്. എന്നാൽ ഇവിടെ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരെല്ലാം അതിവേഗം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുന്ന അവസ്ഥയുണ്ട്. ഇന്ന് പരിശോധന ഫലം നെഗറ്റീവായ 21 കൊവിഡ് രോഗികളിൽ 19 പേരും കാസർകോട് സ്വദേശികളാണ്. കഴിഞ്ഞ ദിവസങ്ങളിലും ഒരുപാട് പേർ കാസർകോട് നിന്നും രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. 

നിലവിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മാത്രമാണ് പത്തിലേറെ കൊവിഡ് രോഗികൾ ചികിത്സയിലുള്ളത്. കണ്ണൂർ (52), കാസർകോട് (25), കോഴിക്കോട് (13). മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ ആറ് പേർ വീതം ചികിത്സയിലുണ്ട്. അഞ്ച് പേരാണ് കൊല്ലത്ത് ചികിത്സയിലുള്ളത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, ജില്ലകളിൽ രണ്ട് പേർ വീതവും വയനാട്ടിൽ ഒരാളും ചികിത്സയിലുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂർ ജില്ലകളെ കൂടാതെ ഇന്ന് ആലപ്പുഴ ജില്ലയും കൊവിഡ് മുക്തമായ ജില്ലകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.