
കണ്ണൂർ: ഇരിട്ടിയിൽ കൊവിഡ് ബാധിച്ച് മരിച്ച പികെ മുഹമ്മദിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. ക്യാൻസറടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന എഴുപതുകാരൻ വിദേശത്ത് നിന്ന് എത്തി കൃത്യമായ ചികിത്സ തേടിയിരുന്നില്ല. സമയത്ത് പരിശോധിക്കുന്നതിലും ആശുപത്രിയിലെത്തിക്കുന്നതിലും വീഴച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്ന് കണ്ണൂർ ഡിഎംഒ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ഇരിട്ടി പഴഞ്ചേരിമുക്ക് സ്വദേശി പികെ മുഹമ്മദ് മെയ് 22നാണ് ഭാര്യയ്ക്കും മകനും മകന്റെ ഗർഭിണിയായ ഭാര്യയ്ക്കുമൊപ്പം നാട്ടിലെത്തിയത്. ഇരിട്ടിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മകന് മെയ് 31 ന് കൊവിഡ് സ്ഥിരീകരിച്ചു. മാർച്ച് അഞ്ചിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ ഇദ്ദേഹത്തോട് പരിയാരം മെഡിക്കൽ കോളേജിലേക്ക് പോകാൻ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ നിർദ്ദേശിച്ചിരുന്നു.
എന്നാൽ പരിയാരത്തേക്ക് പോകാതെ കുത്തുപറമ്പിലെ മകളുടെ വീട്ടിലേക്കാണ് മുഹമ്മദും ഭാര്യയും പോയത്. അറിയിക്കാതെ ക്വാറന്റീൻ കേന്ദ്രം മാറിയതിന് ഈ കുടുബത്തിനെതിരെ ഇരിട്ടി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ജില്ലാഭരണകൂടത്തിന്റെ അനുമതിയോടെയാണ് കൂത്തുപറമ്പിലെ വീട്ടിലേക്ക് മാറിയതെന്ന് കുടുംബാഗങ്ങൾ അവകാശപ്പെടുന്നു.
ഏഴാം തീയതിയാണ് മുഹമ്മദും ഭാര്യയും മകന്റെ ഭാര്യയും സ്രവ പരിശോധന നടത്തുന്നത്. ഇന്നലെ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. പരിയാരത്തേക്ക് കൊണ്ടുപോകുന്നതിനിടെ എഴുപതുകാരന്റെ ആരോഗ്യനില വഷളായി. ആശുപത്രിയിലെത്തി രണ്ടുമണിക്കൂറിനകം മരിച്ചു. ലിവർ ക്യാൻസർ,പ്രമേഹം ഹൃദയ സംബന്ധമായ അസുഖം എന്നിവയെല്ലാം ഉള്ളയാൾ കൃത്യസമയത്ത് ചികിത്സ തേടാഞ്ഞതാണ് തിരിച്ചടിയായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam