കൊല്ലത്ത് കാര്‍ കയറ്റം കയറുന്നതിനിടെ പിന്നോട്ട് വന്ന് നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനമോടിച്ച യുവതിയും ഏഴുവയസുള്ള കുട്ടിയും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കൊല്ലം: കൊല്ലത്ത് കാര്‍ കയറ്റം കയറുന്നതിനിടെ പിന്നോട്ട് വന്ന് നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനമോടിച്ച യുവതിയും ഏഴുവയസുള്ള കുട്ടിയും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്കോണം സ്വദേശികളായ അബ്ദുസലാമിനെയും ഭാര്യ റഷീദയെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാഹനം ഓടിച്ച അബ്ദുസലാമിന്‍റെ മകള്‍ ഷഹനയും കാറിലുണ്ടായിരുന്ന ഷഹനയുടെ ഏഴു വയസുള്ള കുട്ടിയ്ക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. 

കുടുംബവുമായി ചടയമംഗലത്ത് പോയിട്ട് തിരികെ വീട്ടിലേക്ക് വരുമ്പോള്‍ അക്കോണം പൂവണത്തുമൂട് റോഡിൽ കാര്‍ കയറ്റം കയറുന്നതിനിടെ കാര്‍ പിന്നോട്ട് വരുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വലിയ ശബ്ദം കേട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി കാറിന്‍റെ പിന്നിലെ ഡോറുകള്‍ പൊളിച്ചു കാറിലുണ്ടായിരുന്നവരെ പുറത്തെടുക്കുകയും ഉടനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അബ്ദുസലാമിന്‍റെയും റഷീദയുടെയും തലയ്ക്കും ദേഹത്തും മുറിവേൽക്കുകയും എല്ലുകൾക്ക് പോട്ടലേൽക്കുകയും ചെയ്തിട്ടുണ്ട്.