2012ലെ ദേവസ്വം ബോർഡ് ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാനോ അങ്ങനെ ഉത്തരവ് ഇറക്കാനോ ദേവസ്വം ബോർഡിന് അധികാരമില്ലെന്നും തന്ത്രി സമാജം.
കൊച്ചി: ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ഉത്തരവ് തള്ളി തന്ത്രി സമാജം. തന്ത്ര സമുച്ചയത്തിലെ വ്യവസ്ഥകൾ പ്രകാരം വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. തന്ത്രി കണ്ഠര് രാജീവർക്ക് വാജി വാഹനം നൽകിയത് ദേവസ്വം ബോർഡാണ്. മോഷണം പോയെന്ന് ദേവസ്വം ബോർഡിന് പരാതിയില്ല. ഇത് തന്ത്രി സമൂഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്ന് യോഗക്ഷേമ സഭ പ്രസിഡന്റ് അഡ്വ.പി എൻ ഡി നമ്പൂതിരി പറഞ്ഞു.
2012ലെ ദേവസ്വം ബോർഡ് ഉത്തരവിനെക്കുറിച്ച് അറിയില്ല. ആചാരപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാനോ അങ്ങനെ ഉത്തരവ് ഇറക്കാനോ ദേവസ്വം ബോർഡിന് അധികാരമില്ല. തന്ത്രിമാരെ ശബരിമലയിൽ നിന്ന് മാറ്റാൻ ഗൂഢാലോചന നടക്കുകയാണെന്നും പുതിയ തന്ത്രിമാരെ കൊണ്ടുവരാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. തന്ത്രി ഭരണപരമായ കാര്യങ്ങളിൽ ഇടപെടരുതെന്ന് ദേവസ്വം മാന്വലിൽ ഉണ്ട്. പിന്നെ എങ്ങനെയാണ് ഇത്തരം കാര്യങ്ങളിൽ തന്ത്രിക്ക് ഉത്തരവാദിത്തം ഉണ്ടാകുകയെന്ന് തന്ത്രി മണ്ഡലം ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ പോറ്റി ചോദിച്ചു. അനുജ്ഞ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടാണ് രേഖമൂലം കൊടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
