
കൊച്ചി/ കോഴിക്കോട്: കൊവിഡ് പ്രോട്ടോക്കോൾ (Covid Protocol) കാറ്റില്‍ പറത്തി കോഴിക്കോടും എറണാകുളത്തും ബിജെപിയുടെ പ്രകടനം. കോഴിക്കോട് നഗരമധ്യത്തില്ലാണ് ബിജെപി പൊതുയോഗം സംഘടിപ്പിച്ചത്. പോപ്പുലർ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 1643 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ ഇന്ന് മുപ്പത് ശതമാനത്തിലധികമാണ് ടിപിആർ.
എറണാകുളം പെരുമ്പാവൂരിലും ബിജെപി നിയന്ത്രണം ലംഘിച്ച് പ്രകടനം നടത്തി. പ്രകടനത്തിൽ അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്തു. പോപ്പുലർ ഫ്രണ്ടിനെതിരെ ബിജെപി നടത്തുന്ന ജനജാഗ്രതാ സദസ്സ് ആയിരുന്നു പരിപാടി. ആലപ്പുഴ കൊലപാതകത്തിന് എതിരെ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി നടത്തി പരിപാടിയിലാണ് 500ലേറെ പങ്കെടുത്തത്. നിലവിൽ 50 പേർക്ക് മാത്രമാണ് അനുമതി. പെരുമ്പാവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലാണ് നിയന്ത്രണം ലംഘിച്ചത്.
തുടർച്ചയായ മൂന്നാം ദിവസവും എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതിന് മുകളിൽ ആയതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പൊതുപരിപാടികൾ ദുരന്ത നിവാരണ അതോറിറ്റി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾക്കും ഇത് ബാധകമാണ്. 36.87 ആണ് ഇന്ന് ജില്ലയിലെ ടിപിആർ. 3204 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam