വെടിവെയ്പ്പ് അപരിഷ്‌കൃതം, മാവോയിസ്റ്റ് വേട്ടക്കെതിരെ സിപിഐ പ്രമേയം

By Web TeamFirst Published Nov 5, 2020, 7:44 PM IST
Highlights

ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഉണ്ടാവുമ്പോള്‍ അടിയന്തരമായി ഏര്‍പ്പെടുത്തേണ്ട മജിസ്റ്റീരിയല്‍ അന്വേഷണം ഗൗരവത്തോടെ നടക്കുന്നില്ലെന്നും സിപിഐ വിമർശിച്ചു 

തിരുവനന്തപുരം: മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പേരിൽ വയനാട്ടിൽ ഒരാളെ വെടിവെച്ചുകൊന്നത് അപരിഷ്‌കൃത നടപടിയെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സിലിൽ പ്രമേയം. തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ കാടുകളില്‍ ഏറ്റുമുട്ടല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഉണ്ടാവുമ്പോള്‍ അടിയന്തരമായി ഏര്‍പ്പെടുത്തേണ്ട മജിസ്റ്റീരിയല്‍ അന്വേഷണം ഗൗരവത്തോടെ നടക്കുന്നില്ല. നടന്ന അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും പുറത്തു വരാതിരിക്കുന്നതും ശരിയായ സമീപനമല്ലെന്നും സിപിഐ വിമർശിച്ചു. 

മാവോയിസ്റ്റുകള്‍ മരിച്ചുവീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാറിനില്ലെന്ന് മുഖ്യമന്ത്രി

മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന ശൈലികളോട് പാര്‍ട്ടിക്ക് യോജിപ്പില്ല. എന്നാല്‍ അത്തരക്കാരെയെല്ലാം വെടിവെച്ചു കൊല്ലുക എന്നതിനോടും യോജിക്കാന്‍ കഴിയുന്നില്ല. കേരളത്തില്‍ ജനജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന മാവോയിസ്റ്റ് ഭീഷണി ഇല്ലെന്ന് ഏവര്‍ക്കുമറിയാം. തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യകതയേ ഇല്ലാത്ത നമ്മുടെ കാടുകളില്‍ ഇത്തരമൊരു സേന തമ്പടിക്കുന്നതും കൊലപാതകങ്ങളുടെ പരമ്പര തീര്‍ക്കുന്നതും അംഗീകരിക്കാന്‍ കഴിയുന്നതല്ല. 

ഏത് ഭീഷണിയെപ്പറ്റിയും മനസ്സിലാക്കാന്‍ കേരള പൊലീസില്‍ സംവിധാനവും, ഇടപെടാന്‍ സേനയും ഉണ്ടെന്നിരിക്കെ മാവോയിസ്റ്റുകളെ കൊന്നൊടുക്കാനായി തണ്ടര്‍ബോള്‍ട്ട് എന്ന സേനയെ വിന്യസിക്കുന്നത് അങ്ങേയറ്റത്തെ അനീതിയും മനുഷ്യാവകാശ ലംഘനവുമാണെന്നും വയനാട്ടിലെ കൊലപാതകം സംബന്ധിച്ച് മജിസ്‌ട്രേട്ട്തല അന്വേഷണം അടിയന്തരമായി നടത്തുകയും സമയബന്ധിതമായി റിപ്പോര്‍ട്ട് വാങ്ങി നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

click me!