പാലക്കാട് കൊലപാതകം: പിന്നിൽ ആ‌ർഎസ്എസ് എന്ന സിപിഎം ആരോപണം തള്ളി സിപിഐ

By Web TeamFirst Published Aug 15, 2022, 11:08 AM IST
Highlights

ഒരു സംഭവം ഉണ്ടായാൽ ആദ്യം തന്നെ ആരോപണവുമായി വരുന്നത് ശരിയല്ല എന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പാലക്കാട് കൊലപാതകത്തിന് പിന്നിൽ ആ‌ർഎസ്എസ് എന്ന സിപിഎം ആരോപണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒരു സംഭവം ഉണ്ടായാൽ ആദ്യം തന്നെ ആരോപണവുമായി വരുന്നത് ശരിയല്ല എന്ന് കാനം പറഞ്ഞു. ആർഎസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ എന്നും കാനം പറഞ്ഞു. അത്തരം ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ, നിയമസഭയിലുള്ള രാഷ്ട്രീയ പാർട്ടികൾ എല്ലാം കൊലപാതകങ്ങൾക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ കൊലപാതകങ്ങളെ തള്ളി പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു. സിപിഐ ആസ്ഥാനത്ത് പതാക ഉയർത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകായുക്ത ഭേദഗതി; സിപിഐ അയയുന്നു, മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് കാനം

ലോകായുക്ത ഓർഡിനൻസ് ഇടതുമുന്നണിയിൽ ചർച്ച ചെയ്യുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ എല്ലാവർക്കും യോജിച്ച ഒരു പരിഹാരത്തിലേക്ക് എത്തും. ചർച്ച ചെയ്ത് ധാരണയിൽ എത്തുമെന്നും കാനം പറഞ്ഞു. 

കെ.ടി.ജലീലിന്റെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റിൽ ഒന്നും പറയാനില്ലെന്നും കാനം പറഞ്ഞു. പോസ്റ്റ് അദ്ദേഹം തന്നെ പിൻവലിച്ചിട്ടുണ്ട്. ചത്ത കുഞ്ഞിന്റെ ജാതകം പരിശോധിക്കേണ്ടതില്ലല്ലോ എന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. 

പാലക്കാട് ഷാജഹാൻ വധം; കൊലയാളികൾ ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്ന് സിപിഎം

സി പി എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ വധവുമായി ബന്ധപ്പെട്ട് കൊലയാളികൾ ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്ന് വിശദീകരണവുമായി സിപിഎം ജില്ലാ നേതൃത്വം. കൊലയാളി സംഘാംഗങ്ങൾ നേരത്തെ പാർട്ടി വിട്ടവരാണ്. ഇവർ ആർഎസ്എസിന്റെ സജീവ പ്രവർത്തകരാണ്. എത്രയോ വർഷം മുൻപ് പാർട്ടി വിട്ടവരാണ്. ആർ എസ് എസാണ് ഇവർക്ക് സഹായം നൽകി വന്നത്. പാലക്കാട് ശ്രീനിവാസൻ കൊല്ലപ്പെട്ടപ്പോൾ വിലാപയാത്രയിൽ പങ്കെടുത്തവരാണ് ഇവർ. പിന്നെങ്ങിനെയാണ് ഇവർ സിപിഎം പ്രവർത്തകരെന്ന് പറയുക? ഷാജഹാനെ തന്നെ ലക്ഷ്യമിട്ടാണ് ഇവർ വന്നത്. അവിടെ മറ്റ് പാർട്ടി പ്രവർത്തകരുണ്ടായിട്ടും അവരെയൊന്നും ആക്രമിച്ചിരുന്നില്ലല്ലോയെന്നും പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ചോദിച്ചു.

ഷാജഹാൻ വധക്കേസ്: രാഷ്ട്രീയ വൈര്യമാണോ കൊലയ്ക്ക് കാരണമെന്ന് ഇപ്പോൾ പറയാനാവില്ല: എസ്‌പി

സിപിഎം ലോക്കൽ കമ്മിറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈര്യത്തിന്റെ പേരിലാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്. കേസിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഷാജഹാൻ വധം: ആർഎസ്എസിന് അസ്വസ്ഥത; സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം: മന്ത്രി റിയാസ്

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് എന്ന് കുറ്റപ്പെടുത്തി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബോധപൂർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വൈകാരികതയ്ക്ക് അടിമപ്പെടാതെ വേണം പാർട്ടി പ്രവർത്തകർ മുന്നോട്ട് പോകാൻ. അക്രമത്തെ അപലപിക്കാൻ പോലും യുഡിഎഫ് തയ്യാറായിട്ടില്ല. തുടർ ഭരണം ആർഎസ്എസിനെ അസ്വസ്ഥതപ്പെടുത്തുകയാണെന്നും സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നും റിയാസ് കുറ്റപ്പെടുത്തി.

മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി 9.15 ഓടെയാണ് ഷാജഹാൻ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട്  സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ ഷാജഹാന്‍റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

click me!