Asianet News MalayalamAsianet News Malayalam

ഷാജഹാൻ വധക്കേസ്: രാഷ്ട്രീയ വൈര്യമാണോ കൊലയ്ക്ക് കാരണമെന്ന് ഇപ്പോൾ പറയാനാവില്ല: എസ്‌പി

കേസിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Shajahan Murder cant say if political reson now says SP
Author
Palakkad, First Published Aug 15, 2022, 10:38 AM IST

പാലക്കാട്: സിപിഎം ലോക്കൽ കമ്മിറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈര്യത്തിന്റെ പേരിലാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്. കേസിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ഘട്ടത്തിൽ രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. പ്രതികൾ പിടിയിലാകുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാജഹാന്റെ കൊലപാതകം ദുഃഖകരം എന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. പാലക്കാട് ജില്ലാ ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട്  സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ ഷാജഹാന്‍റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി പി എം പ്രാദേശിക നേതാക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സി പി എം നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. പ്രകോപനത്തിൽ ആരും പെടരുതെന്നും സി പി എം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയത് എട്ട് പേരടങ്ങിയ സംഘമെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ന് നടക്കേണ്ട സ്വാതന്ത്ര്യദിനാഘോഷപരിപാടികളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അക്രമിസംഘം ഇങ്ങോട്ടേക്ക് എത്തിയത്. അക്രമികൾ പഴയ പാർട്ടി പ്രവർത്തകർ കൂടിയാണ്. സംഘത്തിലുണ്ടായിരുന്ന അനീഷ്, ശബരി എന്നിവരുണ്ടായിരുന്നു. ഇവരെ കൂടാതെ മറ്റു ആറു പേരും ചേർന്നാണ് ഷാജഹാനെ ആക്രമിച്ചത്. ഷാജഹാൻ്റെ കഴുത്തിനും കാലിനും ഇവർ വെട്ടി. അക്രമം തടയാൻ ശ്രമിച്ചപ്പോൾ തനിക്ക് നേരേയും വാൾ വീശി. വെട്ടിവീഴ്ത്തി അക്രമിസംഘം മടങ്ങിയതിന് തൊട്ടുപിന്നാലെ സുരേഷിൻ്റെ നേതൃത്വത്തിലാണ് ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചത്. 

Follow Us:
Download App:
  • android
  • ios