Asianet News MalayalamAsianet News Malayalam

ലോകായുക്ത ഭേദഗതി; സിപിഐ അയയുന്നു, മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് കാനം

മുന്നണിയിൽ ചർച്ച ചെയ്ത് എല്ലാവർക്കും യോജിച്ച ഒരു പരിഹാരത്തിലേക്ക് എത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

CPI loosens its stand on Lokayukta ordinance
Author
Thiruvananthapuram, First Published Aug 15, 2022, 11:29 AM IST

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് ഇടതുമുന്നണിയിൽ ചർച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ എല്ലാവർക്കും യോജിച്ച ഒരു പരിഹാരത്തിലേക്ക് എത്തും. ചർച്ച ചെയ്ത് ധാരണയിൽ എത്തുമെന്നും കാനം പറഞ്ഞു. ലോകായുക്ത ഓർ‍ഡ‍ിനൻസിന്റെ വിഷയത്തിൽ കടുംപിടുത്തം വിട്ട് ഭേദഗതി നിർദ്ദേശിക്കാൻ സിപിഐ ധാരണയിലെത്തിയിരുന്നു. ലോകായുക്ത വിധി പരിശോധിക്കാൻ സർക്കാറിന് പകരം സ്വതന്ത്ര ചുമതലയുള്ള ഉന്നതാധികാര സമിതിയെ നിയോഗിക്കാമെന്ന നിർദ്ദേശം സിപിഐ മുന്നോട്ട് വക്കുമെന്നാണ് സൂചന. 

'വിധി പരിശോധിക്കാൻ സ്വതന്ത്രചുമതലയുള്ള ഉന്നതാധികാര സമിതി'; ലോകായുക്ത നിയമത്തിൽ ഭേദഗതി നിർദ്ദേശിക്കാൻ സിപിഐ

ലോകായുക്ത നിയമത്തിൽ വെള്ളം ചേർത്തുള്ള ഭേദഗതിയെ നേരത്തെ സിപിഐ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഗവർണർ ഭേദഗതി ഓർഡിനൻസ് തള്ളിയതോടെ നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ നിർബന്ധിതമായ സാഹചര്യത്തിൽ എതിർപ്പ് മയപ്പെടുത്തുകയാണ് സിപിഐ. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകരെ സ്ഥാനത്തുനിന്നും അയോഗ്യരാക്കുന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് എടുത്തുകളയുന്നതാണ് സർക്കാർ ഓർഡിനൻസ്. 

പൊതുപ്രവർത്തകരുടെ നിയമനാധികാരി അപ്പീൽ കേൾക്കുക എന്ന ഭേദഗതിക്ക് പകരം സ്വതന്ത്രമായ ഉന്നതാധികാര സമിതി എന്ന നിലയിലേക്കാണ് സിപിഐ അയഞ്ഞിയിരിക്കുന്നത്. സിപിഐ പിന്നോട്ട് പോകുമ്പോൾ ഈ ബദൽ സിപിഎം അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. 22ന് സഭാ സമ്മേളനം ചേരും മുമ്പ് സിപിഎം-സിപിഐ ചർച്ച നടത്തിയാകും തീരുമാനമെടുക്കുക. അതേസമയം സിപിഐയുടെ ഭേദഗതി നിർദ്ദേശം മുൻ നിലപാടിൽ നിന്നുള്ള പിന്നോട്ട് പോകലായി പ്രതിപക്ഷം ഉന്നയിക്കുമെന്നുറപ്പാണ്.

പാലക്കാട് കൊലപാതകം: പിന്നിൽ ആ‌ർഎസ്എസ് എന്ന സിപിഎം ആരോപണം തള്ളി സിപിഐ

ലക്കാട് കൊലപാതകത്തിന് പിന്നിൽ ആ‌ർഎസ്എസ് എന്ന സിപിഎം ആരോപണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒരു സംഭവം ഉണ്ടായാൽ ആദ്യം തന്നെ ആരോപണവുമായി വരുന്നത് ശരിയല്ല എന്ന് കാനം പറഞ്ഞു. ആർഎസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ എന്നും കാനം പറഞ്ഞു. അത്തരം ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ, നിയമസഭയിലുള്ള രാഷ്ട്രീയ പാർട്ടികൾ എല്ലാം കൊലപാതകങ്ങൾക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ കൊലപാതകങ്ങളെ തള്ളി പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു. സിപിഐ ആസ്ഥാനത്ത് പതാക ഉയർത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Follow Us:
Download App:
  • android
  • ios