
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ - ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും പറഞ്ഞ ബിനോയ് വിശ്വം, സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ രാഷ്ട്രീയ ബോധ്യത്തിൽ വിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു. അതേസമയം, സിപിഎമ്മും സിപിഐയും പരസ്യ പോര് തുടരുന്നതിൽ ഇടതുമുന്നണി ഘടകകക്ഷിക്കിടയിൽ അമർഷം പുകയുകയാണ്. പൊതുവേദിയിൽ ചർച്ചയ്ക്ക് വെക്കാതെ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന സെക്രട്ടറിയോ ജനറൽ സെക്രട്ടറിയോ ആണെന്ന് ബിനോയ് വിശ്വം പറഞ്ഞത് പിണറായി വിജയന് വേണ്ടി പാർട്ടി പത്രത്തിൽ ലേഖനം എഴുതുന്ന നേതാക്കൾക്കുള്ള മറുപടിയാണ്. സിപിഐ ദേശീയ തലത്തിലെ വലിയ ഇടത് പാർട്ടിയാണെന്ന് പറയുമ്പോഴും സിപിഎമ്മിനെതിരെ പരസ്യമായി ഒന്നും മിണ്ടില്ലെന്ന് ആവർത്തിക്കുന്നുണ്ട് ബിനോയ് വിശ്വം. ഇരു പാർട്ടികളുടെയും കേന്ദ്ര നേതൃത്വങ്ങളുടെ രാഷ്ട്രീയ ബോധ്യത്തിൽ വിശ്വാസമുണ്ടെന്ന് പറയുന്നതിലൂടെ കേരളത്തിലെ പ്രതിപക്ഷ ഉപനേതൃ പദവി തീരുമാനിക്കുന്നത് സിപിഎം, സിപിഐ കേന്ദ്ര നേതാക്കളാകുമെന്ന പ്രതീക്ഷയും ബിനോയ് പങ്കുകവയ്ക്കുന്നുണ്ട്. അപ്പോഴും സിപിഐയുടെ നിലപാടും വ്യക്തിത്വവും അടിയറ വയ്ക്കാനില്ലെന്ന് അടിവരയിട്ട് പറയുന്നുണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി.
എന്നാൽ കനത്ത പരാജയം നേരിട്ട് നാല് മാസമായിട്ടും ഇപ്പോഴും സിപിഎമ്മും സിപിഐയും പടലപ്പിണക്കം തുടരുന്നതിൽ മറ്റു കക്ഷികളിൽ അസംതൃപ്തി പുകയുകയാണ്. പരാജയ കാരണത്തെ കുറിച്ച് ഗൗരവമുള്ള ഒരു ചർച്ച പോലും ഇടത് മുന്നണിയിൽ നടക്കുന്നില്ല. ആഴത്തിൽ പരിശോധന നടന്നില്ല. സമരങ്ങൾക്കോ പ്രതിഷേധങ്ങൾക്കോ ആലോചനയെ ഇല്ല. കടുത്ത അതൃപ്തി പരസ്യമാക്കുകയാണ് കേരളാ കോൺഗ്രസ് എം. പ്രശ്നം പരിഹരിക്കാൻ സിപിഎമ്മും സിപിഐയും മുൻകൈ എടുക്കുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം പരസ്യമാക്കാൻ ഒരുങ്ങുകയാണ് മറ്റു കക്ഷികളും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam