പനിയും ശരീരവേദനയും എമർജൻസിയല്ലെന്ന് പറഞ്ഞ് ഡോക്ടർ തർക്കിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർക്ക് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകി.
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് മോശമായി പെരുമാറി എന്ന പരാതിയിൽ ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്. കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ രേഖ കൃഷ്ണനാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നൽകിയത്. ചികിത്സ തേടിയ രോഗിയോടും ഒപ്പമെത്തിയവരോടും എമർജൻസി രോഗിയല്ലല്ലോ എന്ന് പറഞ്ഞ് ഡോക്ടർ തർക്കിക്കുന്ന ദൃശ്യം പുറത്തു വന്നിരുന്നു. ഇത് തുറന്ന് വെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാൻ അല്ലെന്ന് ഡോക്ടർ പറയുന്നത് ദൃശ്യത്തിലുണ്ട്.
പനിയും ശരീരം വേദനയും എമർജൻസിയല്ലെന്ന് ഡോക്ടർ രോഗിയോട് പറഞ്ഞു. മരുന്ന് എത്ര ദിവസത്തേക്കാണോ തന്നിരിക്കുന്നത് ആ ദിവസമാകുമ്പോഴേക്കേ ഇഫക്ടുണ്ടാവൂ. ഇത് മന്ത്രവാദമൊന്നുമല്ല. ശരീര വേദനയുണ്ടാകും. രണ്ട് ദിവസം കൊണ്ട് മാറും. അതിലെന്താണ് എമർജൻസി? പാതിരാത്രി കഴിഞ്ഞു വന്നു പറയാൻ പറ്റിയ സാധനമാണോ ഇത്? ഇതൊക്കെയാകും മുമ്പും താൻ ഇങ്ങനെയൊന്നും കാണിച്ചിട്ടില്ലെന്ന് ഡോക്ടർ പറയുന്നത് ദൃശ്യത്തിലുണ്ട്.
