'യുഡിഎഫ്‌–ബിജെപി ഡീൽ'; മന്ത്രി റോജി എം ജോണിനും സർക്കാരിനും എതിരെ സിപിഎമ്മിൻ്റെ രൂക്ഷ വിമർശനം

Published : Jun 07, 2026, 08:16 PM IST
Roji M John

Synopsis

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണർ നടത്തുന്ന കാവിവത്കരണ ശ്രമങ്ങൾക്ക് യുഡിഎഫ് സർക്കാർ പൂർണ്ണമായി കീഴടങ്ങിയെന്ന് സിപിഎം ആരോപിക്കുന്നു. ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന മന്ത്രിയുടെ നിലപാടും, എം.ജി സർവകലാശാലയിലെ നിയമനങ്ങളിൽ ആർ.എസ്.എസ് പ്രതിനിധികളെ ഉൾപ്പെടുത്തിയതും യുഡിഎഫ്-ബിജെപി ഡീലിന്റെ തെളിവാണെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടപ്പിലാക്കുന്ന ഗവർണറുടെ നടപടികൾക്ക് മുന്നിൽ യു.ഡി.എഫ് സർക്കാർ പൂർണ്ണമായി കീഴടങ്ങിയെന്ന് സിപിഎം. ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ആവർത്തിക്കുന്നത് ഇതിന്റെ തെളിവാണെന്നും, പ്രതിപക്ഷത്തായിരുന്നപ്പോൾ വലിയ രീതിയിൽ പ്രതികരിച്ചിരുന്ന യുഡിഎഫ് നേതാക്കൾ ഇപ്പോൾ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും സിപിഎം ആരോപിച്ചു. സർവകലാശാലാ നിയമനങ്ങളിൽ വലിയ തോതിലുള്ള 'യുഡിഎഫ്–ബിജെപി ഡീൽ' ആണ് ഇതിലൂടെ പുറത്തുവരുന്നതെന്നും സിപിഎം വിമർശിച്ചു.

ഭരണത്തിലേറി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കൊച്ചി സർവകലാശാലയിലെ ബിജെപി അധ്യാപക സംഘടനാ നേതാവായ ഡി. മാവൂതിനെ എം.ജി സർവകലാശാല വൈസ് ചാൻസലർ (വി.സി) ആക്കി മാറ്റിയപ്പോൾ സർക്കാർ നിസ്സംഗത പാലിച്ചു. സർക്കാരിന്‌ പട്ടിക നൽകാൻ സാവകാശമുണ്ടായില്ലെന്നും ചാൻസലറായ ഗവർണർ സ്വന്തം അധികാരം വിനിയോഗിച്ചാണ്‌ നിയമനം നടത്തിയതെന്നുമാണ് മന്ത്രി റോജി എം. ജോണിന്റെ വാദം. കാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആർഎസ്എസ് പശ്ചാത്തലമുള്ളയാളെ വി.സിയായി നിയമിച്ചതെന്നും സി.പി.എം ചൂണ്ടിക്കാട്ടി.

എം.ജി സർവകലാശാല സെനറ്റിൽ എല്ലാവിധ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി ആർ.എസ്.എസ്–ബി.ജെ.പി പ്രതിനിധികളെ ഗവർണർ കുത്തിനിറച്ചിട്ടും മുഖ്യമന്ത്രി വിഡി സതീശനോ ഉന്നതവിദ്യാഭ്യാസ മന്ത്രിയോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 30 അംഗ സെനറ്റിൽ ബിജെപി ദേശീയസമിതി അംഗം ജെ പ്രമീളാദേവി ഉൾപ്പെടെ 19 സംഘപരിവാർ പ്രതിനിധികളെയാണ് ഗവർണർ തിരുകിക്കയറ്റിയത്. മറ്റ്‌ യുഡിഎഫ് കക്ഷികളും ഭരണകക്ഷി സംഘടനകളും ഇതിൽ മൗനത്തിലാണ്. അക്കാദമിക് മേഖല, കല, സാംസ്‌കാരികം, വാണിജ്യം, കായികം എന്നീ രംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ചവരെയാണ് സാധാരണയായി സെനറ്റിലേക്ക്‌ നിർദേശിക്കാറുള്ളത്. എന്നാൽ അതത് മേഖലകളിലെ വിദഗ്ധരെ പൂർണ്ണമായി അവഗണിച്ച് സജീവ ആർഎസ്എസ് പ്രവർത്തകരെയാണ് ഗവർണർ നിയമിച്ചിരിക്കുന്നത്. വിദ്യാർത്ഥി പ്രതിനിധികളെ നിശ്ചയിക്കുമ്പോൾ റാങ്ക് ജേതാക്കളെ പരിഗണിക്കുന്ന മെറിറ്റ് രീതിയും ഇത്തവണ അട്ടിമറിക്കപ്പെട്ടുവെന്ന് സിപിഎം വിമർശിക്കുന്നു.

സീനിയർ പ്രൊഫസർമാരുടെ പട്ടിക സർക്കാരിൽനിന്ന്‌ വാങ്ങി അതിൽനിന്നാണ്‌ താൽക്കാലിക വിസിമാരെ ഗവർണർ നിയമിക്കാറുള്ളതെങ്കിൽ, ഇത്തവണ സർക്കാർ പാനൽ നൽകിയില്ലെന്നത് വീഴ്ചയുടെ ആഴം കൂട്ടുന്നു. പുതിയ വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച്‌ കമ്മിറ്റിയിലേക്ക്‌ പ്രതിനിധിയെ നിശ്ചയിക്കാനുള്ള പ്രത്യേക സെനറ്റ്‌ യോഗം മാറ്റിവെച്ചതിലും ദുരൂഹതയുണ്ട്. ഗവർണറും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയതിന്‌ തൊട്ടുപിന്നാലെയാണ് ഈ യോഗം മാറ്റിയത്. ലോക്‌ഭവൻ കേന്ദ്രീകരിച്ച് നടന്നു വരുന്ന സംഘപരിവാർ സമ്മർദങ്ങൾക്ക് യുഡിഎഫ് നേതൃത്വം പൂർണ്ണമായും വഴങ്ങിക്കൊടുക്കുകയാണെന്നും സിപിഎം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇടത് സൈബർ പോരാളി നന്ദകുമാറിനെ പുറത്താക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ്; ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു
കൈ നഷ്ടപ്പെട്ട 9 വയസുകാരിക്ക് സർക്കാർ ജോലി നൽകണമെന്ന് ഉത്തരവ്, സതീശൻ മാതൃകയെന്നും പ്രശംസ; നിർണായക ഇടപെടലുമായി ബാലാവകാശ കമ്മീഷൻ