'കോട്ടയത്ത് വോട്ട് കച്ചവടം'; ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന് സിപിഎം

By Web TeamFirst Published Dec 6, 2020, 10:52 AM IST
Highlights

തോല്‍വി ഭയന്നാണ് സിപിഎം തരംതാണ പ്രസ്താവനയിറക്കുന്നതെന്നായിരുന്നു ബിജെപിയുടെ മറുപടി.

കോട്ടയം: കോട്ടയത്ത് ബിജെപിയും കോൺഗ്രസും പരസ്പരം വോട്ട് കച്ചവടം നടത്തുന്നെന്ന ആരോപണവുമായി സിപിഎം. ജില്ലയുടെ പല സ്ഥലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ലാത്തത് വോട്ട് മറിക്കലിന് തെളിവാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തോല്‍വി ഭയന്നാണ് സിപിഎം തരംതാണ പ്രസ്താവനയിറക്കുന്നതെന്നായിരുന്നു ബിജെപിയുടെ മറുപടി.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോട്ടയത്ത് പുതിയ രാഷ്ട്രീയ വിവാദം ഉടലെടുക്കുന്നത്. പാലാ നഗരസഭയിൽ അഞ്ച് വാർഡുകളിലും, ഈരാറ്റുപേട്ടയിൽ 24 വാർഡുകളിലും, ഏറ്റുമാനൂർ നഗരസഭയിൽ എട്ട് ഇടങ്ങളിലും ബിജെപിക്ക് സ്ഥാനാർത്ഥികൾ ഇല്ല. ഇവിടങ്ങളിലൊക്കെ കോണ്‍ഗ്രസിന് വോട്ട് ചെയ്യാൻ ബിജെപി അണികള്‍ക്ക് രഹസ്യ നിര്‍ദേശം നല്‍കിയെന്നാണ് സിപിഎം ആരോപണം. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടുതലാണെന്നാണ് ബിജെപിയുടെ മറുപടി.

കോട്ടയത്തും മലപ്പുറത്തുമാണ് സംസ്ഥാനത്ത് ഇക്കുറി ബിജെപിക്ക് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികളുള്ളത്. ബിജെപി അത്ര ശക്തമല്ലാത്ത കോട്ടയത്ത് കഴിഞ്ഞകാലങ്ങളിലൊക്ക അവരുടെ നിഷ്പക്ഷ വോട്ടുകള്‍ യുഡിഎഫിലേക്കാണ് പോയിരുന്നത്. ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത സ്ഥലങ്ങളില്‍ ഇത് ഇക്കുറി വലിയ തിരിച്ചടിയാകുമെന്ന് സിപിഎം ഭയക്കുന്നു. കേരളാ കോണ്‍ഗ്രസിന്‍റെ ഇടത് പ്രവേശത്തില്‍ കത്തോലിക്ക സഭയുടെ നിലപാടും ഇടത് മുന്നണിക്ക് ജില്ലയില്‍ നിര്‍ണ്ണായകമാണ്.

click me!