കണ്ണൂർ സി പി എമ്മിലെ ടി കെ ഗോവിന്ദന്റെ രാജിക്ക് പിന്നാലെ കേരള രാഷ്ട്രീയത്തിൽ ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതിയ രാഷ്ട്രീയ സാഹചര്യം കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെ സ്വാധീനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി സർക്കാരിനെ താഴെയിറക്കാൻ നല്ല കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു
ദില്ലി: കേരള രാഷ്ട്രീയത്തിൽ വലിയ വിസ്‌മയങ്ങൾ ഇനിയും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂർ സി പി എമ്മിൽ കലാപക്കൊടി ഉയർത്തി ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി കെ ഗോവിന്ദൻ പാർട്ടി വിട്ടതിന് പിന്നാലെയാണ് സതീശന്‍റെ പ്രതികരണം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും കോൺഗ്രസ് പട്ടികയെ സ്വാധീനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപിച്ച ടി കെ ഗോവിന്ദന്, കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചേക്കും എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സതീശന്‍റെ പ്രതികരണം എന്നത് ശ്രദ്ധേയമായി. കോൺഗ്രസ് പട്ടികയിൽ തർക്കങ്ങളില്ലെന്നും സതീശൻ ദില്ലിയിൽ പറഞ്ഞു. നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ നമ്മള്‍ ചിരിക്കണം. അവരെ ചേര്‍ത്ത് പിടിക്കണം. കാരണം അവര്‍ പിന്തുണയ്ക്കുന്നത് യു ഡി എഫിനെയാണ് എന്ന് ഒരു വർഷമായി പറയുന്നുവെന്നത് ചൂണ്ടിക്കാട്ടി സതീശൻ ഫേസ്ബുക്ക് കുറിപ്പും പങ്കുവച്ചു.
സതീശന്‍റെ കുറിപ്പ്
'നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ നമ്മള്‍ ചിരിക്കണം. അവരെ ചേര്‍ത്ത് പിടിക്കണം. കാരണം അവര്‍ പിന്തുണയ്ക്കുന്നത് യു.ഡി.എഫിനെയാണ്' - കഴിഞ്ഞ ഒരു വര്‍ഷമായി ഇതേ കാര്യം പലവട്ടം പറഞ്ഞതാണ്. സി പി എമ്മിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഉത്തമ കമ്മ്യൂണിസ്റ്റുകളും ഇടതു സഹയാത്രികരും. പിണറായി മൂന്നെന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു. മൂന്നാമത് ഒന്നുകൂടി വന്നാല്‍ കേരളത്തില്‍ സ്ഥിതി എന്താകുമെന്ന് സാമാന്യയുക്തിയുള്ള ജനങ്ങള്‍ക്ക് അറിയാം. ഒറ്റ പാര്‍ട്ടി എന്നതു പോലെയാണ് യു ഡി എഫ് പ്രവര്‍ത്തിക്കുന്നത്. വിശാലമായ ആ രാഷ്ട്രീയ പ്ലാറ്റ്ഫോമുമായി ഇടതു സഹയാത്രികരും നല്ല കമ്മ്യൂണിസ്റ്റുകളും സഹകരിക്കും. അതുകൊണ്ടാണ് നല്ല കമ്മ്യൂണിസ്റ്റുകളെ കണ്ടാല്‍ ചിരിക്കണമെന്ന് യു ഡി എഫ് പ്രവര്‍ത്തകരോട് പറഞ്ഞത്. അവരുടെ പിന്തുണയും വോട്ടും യു ഡി എഫിനാണ്. വിസ്മയങ്ങള്‍ തുടരും…
