
പത്തനംതിട്ട: അതിരൂക്ഷമായ മഴക്കെടുതിക്ക് പിന്നാലെ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഏകോപനത്തിലും വീഴ്ചയെന്ന് വ്യാപക പരാതി. ഭരണപക്ഷ എംഎൽഎമാർ തന്നെ വിമർശനവുമായി രംഗത്തുവന്നു. പത്തനംതിട്ടയിൽ മുന്നറിയിപ്പ് ഇല്ലാതെ ഡാമുകൾ തുറന്നെന്നും സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമാണ് ഉണ്ടായതെന്നും സിപിഎം ആരോപിച്ചു. സർക്കാർ ഒരു ഏകോപനവും നടത്തിയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം വിമര്‍ശിച്ചു. സംഭവിച്ചത് സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമാണെന്നും രണ്ട് ഡാമുകളിലെ വെള്ളം മുന്നറിയിപ്പില്ലാതെ അർദ്ധരാത്രി തുറന്നുവിട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളപ്പൊക്കം ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തിയത് ഡിവൈഎഫ്ഐയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ പ്രധാന പങ്ക് റവന്യൂ വകുപ്പിനാണ്. ഏകോപനത്തിലെ വീഴ്ച ഭരണപക്ഷ എംഎൽഎമാർ തന്നെ തുറന്നടിച്ചു. ആറന്മുളയിൽ കൂടുതൽ ക്യാമ്പുകൾ തുറന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതില്‍ പോരായ്മ പലയിടത്തുമുണ്ട്. റാന്നിയിലെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ വൃത്തിയാക്കുന്നതിലും ജനപ്രതിനിധികൾക്ക് സർക്കാർ തല പിന്തുണ ഉണ്ടായില്ല. ഏകോപനമില്ലായ്മയിലും മുന്നറിയിപ്പുകൾ നൽകുന്നതിലെ വീഴ്ചയിലും അതിരൂക്ഷ വിമർശനം സിപിഎം ഉന്നയിക്കുന്നത്. ഭരണപക്ഷ എംഎൽഎമാർ തന്നെ ചൂണ്ടിക്കാണിച്ച പോരായ്മകൾ റവന്യൂ മന്ത്രിയും അംഗീകരിച്ചു. അടിയന്തര നടപടി ഉണ്ടാകുമെന്നാണ് വിശദീകരണം. റവന്യൂ - തദ്ദേശ വകുപ്പുകൾ തമ്മില്‍ ഏകോപനം ഇല്ലായ്മയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ മെല്ലെ പോക്കിന് കാരണമായത്. ജില്ലയിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ നൽകുന്ന നിർദ്ദേശങ്ങൾ പോലും താഴെ തട്ടിൽ നടപ്പാകുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam