
കൊല്ലം: കിളിക്കൊല്ലൂരില്‍ സൈനികന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവം പൊലീസിന്‍റെ മതിപ്പും വിശ്വാസവും തകർക്കുന്ന ഒറ്റപ്പെട്ട സംഭവമാണ് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ. സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സുദേവന്‍ ആവശ്യപ്പെട്ടു. ഇത് സംമ്പന്ധിച്ച് ഈ മാസം 27 ന് സിപിഎം മൂന്നാംകുറ്റിയിൽ വിശദീകരണയോഗം നടത്തുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.
കൊല്ലം കിളികൊല്ലൂരിൽ സൈനികനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. പൊലീസിലെ ചില ഉദ്യോഗസ്ഥർ സർക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞത്. കുറ്റക്കാരായ മുഴുവൻ ആളുകളേയും മാതൃകാപരമായി ശിക്ഷിക്കണം. ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥൻ വിചാരിച്ചാൽ ഇവരെ രക്ഷപ്പെടുത്താൻ സാധിക്കില്ലെന്നും ഡിവൈഎഫ്ഐ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തിയതായും വി.കെ.സനോജ് പറഞ്ഞു. പൊലീസ് മർദ്ദനത്തിന് ഇരയായ വിഘ്നേഷിനെ സനോജ് വീട്ടിലെത്തി കണ്ടിരുന്നു. കഴിഞ്ഞ ദിവസം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ചും സംഘടിപ്പിച്ചിരുന്നു.
ഇതിനിടെ സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി മര്‍ദിച്ച സംഭവത്തിലെ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തു പോയത് എങ്ങനെയെന്ന് പൊലീസ് അന്വേഷണം തുടങ്ങി. മര്‍ദനവുമായി ബന്ധപ്പെട്ട് നടക്കുന്ന വകുപ്പ് തല അന്വേഷണത്തിൽ ഉൾപ്പെടുത്തി ഇക്കാര്യം പരിശോധിക്കും. പൊലീസിന്‍റെ കസ്റ്റഡിയിലുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനോ, വിവരാവകാശ നിയമ പ്രകാരമോ മാത്രമേ പുറത്തൊരാള്‍ക്ക് ലഭിക്കൂ എന്നിരിക്കെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വീഡിയോ പുറത്ത് വിട്ടതിനെ കുറിച്ചും അന്വേഷിക്കും. ഒപ്പം സസ്പെന്‍റ് ചെയ്യപ്പെട്ട എസ്.ഐ അനീഷ് വാട്സാആപ്പ് വഴി കേസുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ചതും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
കിളികൊല്ലൂര്‍ സ്റ്റേഷന്‍ മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ക്ക് പിന്നാലെ പൊലീസ് സാമൂഹ്യമാധ്യമങ്ങളില്‍ ന്യായികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ സസ്പെന്‍ഷനിലായ എസ്ഐ അനീഷിന്‍റേതെന്ന് പറയുന്ന വോയിസ് ക്ലിപ്പും പുറത്ത് വന്നിരുന്നു. പൊലീസിനെ മര്‍ദിച്ചവര്‍ രക്ഷപ്പെടാതിരിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും സംഭവസമയത്ത് സിഐയും എസ്ഐയും സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു വിശദീകരണം.
കൂടുതല്‍ വായനയ്ക്ക്: കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ മർദ്ദനം; സൈന്യം ഇടപെടുന്നു, അന്വേഷണം തുടങ്ങി
കൂടുതല്‍ വായനയ്ക്ക്: കിളികൊല്ലൂർ മർദനം: സിസിടിവി ദൃശ്യങ്ങൾ പുറത്തുപോയതും ശബ്ദ സന്ദേശം പ്രചരിപ്പിച്ചതും അന്വേഷിക്കാൻ പൊലീസ്
കൂടുതല്‍ വായനയ്ക്ക്: കിളികൊല്ലൂർ മര്‍ദനം, ന്യായീകരിക്കാന്‍ ശ്രമിച്ച് പൊലീസ്, എസ്ഐ അനീഷിന്‍റേതെന്ന് പറയുന്ന വോയിസ് ക്ലിപ്പ് പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam