Asianet News MalayalamAsianet News Malayalam

കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ മർദ്ദനം; സൈന്യം ഇടപെടുന്നു, അന്വേഷണം തുടങ്ങി

സൈനികനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കണമെന്നുള്ളപ്പോഴാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായത്.

Indian Army starts an investigation into Kilikollur police action against soldiers
Author
First Published Oct 22, 2022, 9:02 AM IST

കൊല്ലം: കിളികൊല്ലൂരിലെ പോലീസ് മര്‍ദനത്തില്‍ സൈന്യം ഇടപെടുന്നു. കൊല്ലം കിളികൊല്ലൂരിൽ പൊലീസ് മര്‍ദനത്തിൽ പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസിൽ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത്. ആഗസ്റ്റ് 25ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്തെങ്കിലും സൈനിക ക്യാമ്പിൽ പൊലീസ് അറിയിച്ചത് വൈകിയാണെന്നാണ് ലഭിക്കുന്ന വിവരം. 

സൈനികനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കണമെന്നുള്ളപ്പോഴാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായത്. ഒരു സൈനികന്‍ അവധിയിലാണെങ്കിലും അയാള്‍ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ  അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോള്‍ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടര്‍ന്ന് മിലിട്ടറി പൊലീസ് കേസ് ഏറ്റെടുക്കുക എന്നതാണ് രീതി.  

ഇക്കാര്യം സൈന്യത്തെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റി. കേസില്‍ മര്‍ദനം ഉള്‍പ്പെടെയുണ്ടായ ശേഷമാണ് പാങ്ങോട് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം സൈന്യം പരിശോധിക്കും. അതേസമയം സൈനികനെ മര്‍ദ്ദിച്ചതിൽ പ്രതിരോധ മന്ത്രിക്ക് എൻ.കെ പ്രേമചന്ദ്രൻ എംപി വഴി പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. 

അതേസമയം കിളികൊല്ലൂര്‍ സ്റ്റേഷനിൽ സൈനികനായ വിഷ്ണുവിനെ എ.എസ്.ഐ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടതിന് പിന്നാലെ പൊലീസ് സേനക്കുള്ളിൽ ഭിന്നത. എ.എസ്.ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സി.ഐ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാൻ വേണ്ടി ഉന്നത ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നാണ് ഒരു വിഭാഗം പൊലീസുകാരുടെ ആരോപണം. അതേസമയം സ്റ്റേഷനിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട് വിഘ്നേഷ് ഇന്ന് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരാവകാശ രേഖ സമര്‍പ്പിക്കും. മര്‍ദ്ദനവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് യുവാവിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും.

Read More : കിളികൊല്ലൂർ മര്‍ദനം, ന്യായീകരിക്കാന്‍ ശ്രമിച്ച് പൊലീസ്, എസ്ഐ അനീഷിന്‍റേതെന്ന് പറയുന്ന വോയിസ് ക്ലിപ്പ് പുറത്ത്

Follow Us:
Download App:
  • android
  • ios