'രണ്ട് വ്യക്തികൾ തമ്മിലുള്ള തർക്കം, ആദ്യം ഷെർഷാദ് ജീവനാംശം കൊടുക്കട്ടെ'; കത്ത് വിവാദത്തിന് സിപിഎമ്മുമായി ബന്ധമില്ലെന്ന് എംവി ജയരാജൻ

Published : Aug 19, 2025, 12:34 PM IST
MV Jayarajan

Synopsis

കത്ത് വിവാദത്തിൽ ഷെർഷാദിനെ തള്ളിയും പാർട്ടിയെ പ്രതിരോധിച്ചും സിപിഎം നേതാക്കൾ രംഗത്ത്

കണ്ണൂർ: സിപിഎമ്മുമായി ബന്ധപ്പെട്ട കത്ത് വിവാദം രണ്ട് വ്യക്തികൾ തമ്മിലുള്ള തർക്കം മാത്രമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. രാജേഷ് കൃഷ്‌ണയ്ക്കെതിരെ ഷെർഷാദും, ഷെർഷാദിനെതിരെ അദ്ദേഹത്തിൻ്റെ മുൻ ഭാര്യയും പരാതി കൊടുത്തു. അങ്ങോട്ടും ഇങ്ങോട്ടുമുള്ള കേസുകൾ. വിഷയം പാർട്ടി പ്രശ്‌നമല്ലെന്നും രണ്ടാളുകൾ തമ്മിലുള്ള തർക്കമാണെന്നും ഇതിൽ നിന്ന് വ്യക്തമാണ്. ഷെർഷാദ് ആദ്യം മുൻ ഭാര്യക്ക് ജീവനാംശം നൽകുകയാണ് വേണ്ടത്. വിഷയത്തിൽ സംസ്ഥാനത്തെ മാധ്യമങ്ങൾ ഇരുട്ടിൽ പൂച്ചയെ തിരയുകയാണെന്നും എംവി ജയരാജൻ പരിഹസിച്ചു.

ഷെർഷാദിന്റെ ആരോപണങ്ങളിൽ ഒരു സിപിഎം നേതാവിനും പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. പച്ചകള്ളങ്ങൾക്ക് അൽപായുസ് മാത്രമേയുള്ളൂ. ലോക കേരള സഭയിൽ ഒരുപാട് പേർ വന്നിട്ടുണ്ട്. ഷെർഷാദിന്റെ ഭാര്യ കൊടുത്ത പരാതി ആദ്യം പരിശോധിക്കണം. നടൻ മമ്മൂട്ടിക്കെതിരെ വരെ പരാതി കൊടുത്തയാളാണ് ഷെർഷാദെന്നും എംവി ജയരാജൻ ചൂണ്ടിക്കാട്ടി.

വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പിന്തുണച്ച് മന്ത്രി സജി ചെറിയാനും രംഗത്ത് വന്നിരുന്നു. പാര്‍ട്ടി സെക്രട്ടറിയായതുകൊണ്ടാണ് എംവി ഗോവിന്ദൻ ആക്രമിക്കപ്പെടുന്നതെന്നും ഏതെങ്കിലും രണ്ട് പത്രങ്ങളിൽ വാർത്ത വന്നാൽ പാർട്ടി സെക്രട്ടറിയുടെ മകനെ സംശയ നിഴലിൽ നിർത്തേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 'ശുദ്ധനായ മനുഷ്യനാണ് ഗോവിന്ദൻ മാഷ്. സത്യസന്ധനായ മനുഷ്യനാണ്. ഇതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെയില്ല. പാർട്ടി സെക്രട്ടറിയായപ്പോഴല്ലേ ആരോപണം വന്നത്. പാർട്ടി സെക്രട്ടറിയായതാണ് പ്രശ്നം. പാർട്ടി സെക്രട്ടറിയായ ആരെയും നിങ്ങൾ ടാർഗറ്റ് ചെയ്യും. അർഥമില്ലാത്ത കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്,' - അദ്ദേഹം പറഞ്ഞു.

ഈ വിവാദത്തിന് അൽപായുസ് മാത്രമേയുള്ളൂവെന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ്റെ പ്രതികരണം. ബിരിയാണി ചെമ്പിൽ സ്വർണം കടത്തുന്നുവെന്ന് അപവാദം പ്രചരിപ്പിച്ചവരാണ് വലതുപക്ഷ മാധ്യമങ്ങളെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സിപിഎം വിരുദ്ധ വാർത്തകൾ തുടർന്നു കൊണ്ടേയിരിക്കുമെന്നും പറഞ്ഞു. നാല് കൊല്ലമായി വാട്‌സ്ആപ്പിൽ കറങ്ങുന്ന കത്താണ് ഇപ്പോൾ വിവാദമാക്കുന്നതെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി എം ബി രാജേഷ് പറഞ്ഞത്. രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്റെ ഉദ്ദേശം മനസിലായെന്നും തലക്കെട്ട് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം