Sandeep Murder : സന്ദീപ് വധം: അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു

By Web TeamFirst Published Dec 6, 2021, 7:24 AM IST
Highlights

രാഷ്ട്രീയ വൈരാഗ്യവും വ്യക്തി വൈരാഗ്യവും കാരണമായ കൊലപാതകത്തില്‍ നിലവിലെ പ്രതികള്‍ കൂടാതെ മറ്റാര്‍ക്കെങ്കിലും നേരിട്ട് പങ്കുണ്ടോയെന്നാണ് തെളിയിക്കപ്പെടേണ്ടത്. അതിക്രൂരമായി നടപ്പിലാക്കിയ കൊലാപാതകം മുന്‍കൂട്ടിയുള്ള ആസൂത്രണമാണെന്നാണ് പൊലീസ് കണ്ടെത്തല്‍.
 

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ്കുമാറിന്റെ കൊലപാതകത്തില്‍ (CPM Local secretary PB Sandeep Murder case) അന്വേഷണം വ്യാപിപ്പിക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആസൂത്രണം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. പ്രതികളുടെ കസ്റ്റഡി അപേക്ഷ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയ വൈരാഗ്യവും വ്യക്തി വൈരാഗ്യവും കാരണമായ കൊലപാതകത്തില്‍ നിലവിലെ പ്രതികള്‍ കൂടാതെ മറ്റാര്‍ക്കെങ്കിലും നേരിട്ട് പങ്കുണ്ടോയെന്നാണ് തെളിയിക്കപ്പെടേണ്ടത്. അതിക്രൂരമായി നടപ്പിലാക്കിയ കൊലാപാതകം മുന്‍കൂട്ടിയുള്ള ആസൂത്രണമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊലപാതകത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ഇവരെ ഒളിവില്‍ പോകാന്‍ അടക്കം സഹായിച്ചവരേയും കണ്ടെത്തേണ്ടതുണ്ട്. മൂന്ന് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് കരുവാറ്റയിലെ രതീഷ് എന്ന സുഹൃത്തിന്റെ വീട്ടിലായിരുന്നു. ഹരിപ്പാട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ രതീഷ് റിമാന്റിലാണ്.

ഇയാളെയും കൊലപാതക കേസില്‍ പ്രതി ചേര്‍ക്കും. രതീഷിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. അഞ്ചാം പ്രതി വിഷ്ണു അജി കൊലപാതകത്തിന് ശേഷം മറ്റൊരാളുമായി സംസാരിക്കുന്നതെന്ന് കരുതപ്പെടുന്ന ഫോണ്‍ സംഭാഷണം അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. കൊലപാതകം നടത്തിയത് നിലവിലെ പ്രതികള്‍ എന്ന് തന്നെ സമ്മതിക്കുന്ന ശബ്ദ സന്ദേശം കൂടുതല്‍ ശാസ്ത്രീയ പരിശോധനകളിലൂടെ ഉറപ്പിക്കേണ്ടതുണ്ട്. ഇതിനായി ശബ്ദ സാമ്പിളുകള്‍ ശേഖരിക്കും.

കസ്റ്റഡിയിലുള്ള അഞ്ച് പ്രതികളുടേയും കഴിഞ്ഞ കാലങ്ങളിലെ ടെലിഫോണ്‍ വിവരങ്ങളും ശോഖരിച്ചു വരികയാണ്. ഇതിനിടെ നാലാം പ്രതി മുഹമ്മദ് ഫൈസല്‍ എന്ന പേരില്‍ നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി. യാതൊരു തിരിച്ചറിയല്‍ രേഖകളും കയ്യിലില്ലാത്ത ഇയാള്‍ കാസര്‍ഗോഡ് മൊഗ്രാല്‍ സ്വദേശിയാണേന്ന് സ്ഥിരീകരിച്ചിട്ടുണ്ട്
 

click me!