
തിരുവനന്തപുരം: പ്രയാഗ് രാജിലെ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാദമായ വിവാഹത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വൈറൽ പെൺകുട്ടിയുടെ കല്യാണം കേരള സ്റ്റോറി തന്നെയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ വിവാഹം കഴിക്കാൻ സാഹചര്യമുണ്ട് എന്നറിഞ്ഞ് യുവതിയും യുവാവും കേരളത്തിലെ പൊലീസ് സ്റ്റേഷനിൽ വരികയായിരുന്നു. രേഖകൾ പരിശോധിച്ചാണ് വിവാഹം നടത്തിയത്. ആധാർ കാർഡും മറ്റു രേഖകളും പരിശോധിച്ചാണ് വിവാഹം നടത്തിയതെന്നും എല്ലാം പൊലീസ് പരിശോധിച്ചുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് എംവി ഗോവിന്ദൻ്റെ പ്രതികരണം.
അതേസമയം, കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തില്‍ ഒരു വീഴ്ചയും പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളതാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. യുഐഡിഎഐ സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു. ഇതേ ആധാർ നമ്പറാണ് ജനന സർട്ടിഫിക്കറ്റിലും ഉള്ളത്. എന്നാൽ ജനന സർട്ടിഫിക്കറ്റ് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലെന്നും റിപ്പോർട്ടില്‍ വിശദീകരിക്കുന്നു. റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഈ മാസം 22ന് ദേശീയ പട്ടിക വർഗ കമ്മീഷന് മുമ്പിൽ ഡിജിപി ഹാജരാകണമെന്നാണ് നിര്‍ദേശം.
വൈറൽ താരത്തിന്റെ വൈറൽ വിവാഹത്തെ ചൊല്ലി വിവാദം കത്തുകയാണ്. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി. വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷൻ്റെ കണ്ടെത്തല്‍. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തിൽ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ദില്ലിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പോക്സോ കേസ് കൂടാതെ പട്ടിക വർഗപീഡന കുറ്റവും വ്യാജരേഖ ചമച്ചതും ചുമത്തണമെന്നാണ് ഉയരുന്ന ആവശ്യം. ഇക്കാര്യം വ്യക്തമാക്കി പൊലീസിന് നിർദ്ദേശം നൽകുമെന്ന പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്ക്കെ വ്യക്തമാക്കി. സംഭവത്തിൽ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വിവാഹത്തിന് നേതൃത്വം നൽകിയവരെ എല്ലാം പ്രതികളാക്കണമെന്നും പരാതിക്കാരൻ പ്രഥം ദുബൈ പ്രതികരിച്ചു. മറ്റ് അന്വേഷണങ്ങൾ നടത്താതെ കേവലം ആധാർ കാർഡ് മാത്രം പരിശോധിച്ചാണ് വിവാഹം നടത്തിയത്. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചു. കേരളത്തിലെത്തി താൻ നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായി. ഈ വിവാഹത്തിന് സഹായം നൽകിയ എല്ലാവരെയും പ്രതിയാക്കണമെന്നും പ്രകാശ് ഉയ്കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിലെത്തി വിവാഹം നടത്തിയത് ദൂരൂഹമാണെന്നും സംഭവം ലൗ ജിഹാദ് ആണെന്നും പരാതിക്കാരൻ പ്രഥം ദുബൈ ആരോപിച്ചു. ഫർമാനെതിരായ കേസിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നാണ് മധ്യപ്രദേശ് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam