"കെ സുരേന്ദ്രന്റെ ഔദാര്യം സർക്കാരിന് വേണ്ട"; വിമര്‍ശനവുമായി എം വി ഗോവിന്ദൻ

By Web TeamFirst Published Dec 2, 2022, 8:49 PM IST
Highlights

ഒരു വികസന പ്രവർത്തനവും അനുവദിക്കില്ലെന്ന നിലപാടാണ് മാധ്യമങ്ങളും പ്രതിപക്ഷവും സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ വിമര്‍ശിച്ചു.

പത്തനംതിട്ട: കെ സുരേന്ദ്രന്റെ ചീട്ടിലാണ് സര്‍ക്കാര്‍ നിൽക്കുന്നതെങ്കിൽ ആ ഔദാര്യം തങ്ങൾക്ക് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്‍ഡിഎഫ് സര്‍ക്കാര്‍ നില നിൽക്കുന്നത് ജനങ്ങളുടെ ഔദാര്യത്തിലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സുധാകരൻ പറഞ്ഞ വിമോചന സമരത്തിന്റെ കാലമൊക്കെ പോയി. ഇവര്‍ രണ്ടും പറഞ്ഞ കാര്യം ഒന്ന് തന്നെയാണെന്നും ഗോവിന്ദൻ വിമര്‍ശിച്ചു. പി ബി സന്ദീപ്കുമാർ രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

ഒരു വികസന പ്രവർത്തനവും അനുവദിക്കില്ലെന്ന നിലപാടാണ് മാധ്യമങ്ങളും പ്രതിപക്ഷവും സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ വിമര്‍ശിച്ചു. വിഴിഞ്ഞം തുറമുഖം വേണമെന്നാണ് അന്നും ഇന്നും തങ്ങൾ പറഞ്ഞ്. അത് പൊതുമേഖലയിൽ സ്ഥാപിക്കണമെന്നാണ് സിപിഎം പറഞ്ഞത്. ഇന്ന് എതിർക്കുന്ന പുരോഹിതർ അന്ന് വേണമെന്നാണ് പറഞ്ഞത്. ഉമ്മൻചാണ്ടി സർക്കാർ നടത്തിയ പ്രവർത്തനത്തിന്റെ തുടർ പ്രവർത്തനമാണ് സർക്കാരിപ്പോൾ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Also Read: കേരള സർക്കാരിനെ വലിച്ച് താഴെയിടാൻ മോദി സർക്കാരിന് അഞ്ച് മിനിറ്റ് സമയം വേണ്ട: കെ സുരേന്ദ്രൻ

സമര സമിതി മുന്നോട്ട് വച്ച ആറ് കാര്യങ്ങളും സർക്കാർ നേരത്തെ തന്നെ സമ്മതിച്ചതാണ്. തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്ന ആവശ്യം മാത്രമാണ് സർക്കാർ നിരാകരിച്ചത്. കാലാവസ്ഥ പ്രശ്നങ്ങൾക്ക് സർക്കാരും അദാനിയും ചേർന്ന് പരിഹാരം കാണുമെന്ന് സമർക്കാർക്ക് സർക്കാർ ഉറപ്പ് നൽകിയതാണ്. എന്നിട്ടും സമരം അവസാനിപ്പിക്കാൻ തയ്യാറാവാത്ത പുരോഹിതരടക്കമുള്ളവരാണ് പ്രകോപനമുണ്ടാക്കിയതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഒരു മന്ത്രിയെ തീവ്രവാദിയെന്ന് പറഞ്ഞ പുരോഹിതന്റെ കുപ്പായത്തിന് എന്ത് മഹത്വമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. 

ആശയം കൊണ്ട് ഏറ്റുമുട്ടാൻ കഴിയാത സാഹചര്യത്തിലാണ് ആര്‍എസ്എസ് സന്ദീപിന്റെ കൊലപാതകം നടത്തിയതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ആര്‍എസ്എസ് എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ അപകടകാരിയായ ഫാസിസ്റ്റ് സംഘടനയാണ്. പാർട്ടിക്കെതിരെയും പ്രവർത്തകർക്കെതിരെയും വരുന്ന കടന്നാക്രമങ്ങളെ ജനങ്ങളെ അണിനിരത്തിയാണ് സിപിഎം പ്രതിരോധിക്കുക. ആശയങ്ങൾ കൊണ്ടാണ് സിപിഎം മറുപടി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിനെ നേരിടുക എന്നത് ഒരു തുടർ പ്രകൃയയാണ്. കെ സുധാകരൻ ആര്‍എസ്എസിന് സംരക്ഷണം കൊടുത്തതിനെ കുറിച്ച് ആര്‍എസ്എസ് നല്ല ബോധ്യമുണ്ട്. തലശ്ശേരി കലാപത്തിന് നേതൃത്വം നൽകിയ ആര്‍എസ്എസുകാർക്കാണ് സുധാകരൻ സംരക്ഷണം നൽകിയത്. 
പള്ളി ആക്രമിക്കാൻ വന്ന ആര്‍എസ്എസുകാരെ സിപിഎമ്മാണ് തടഞ്ഞതെങ്കിൽ അവരെ സംരക്ഷിച്ചത് സുധാകരനായിരുന്നു. ഇപിയെ ആക്രമിക്കാൻ വന്ന ആര്‍എസ്എസുകാരായ ദിനേശനും ശശിക്കും സംരക്ഷണം നൽകിയത് സുധാകരനാണ്. സുധാകരന് ആര്‍എസ്എസിനെ കുറിച്ച് പറഞ്ഞാൽ മാത്രമെ നാക്ക് പിഴയുള്ളൂ. ഇദ്ദേഹത്തിന്റെ നാക്കിനല്ല മനസ്സിനാണ് പിഴയെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. 

click me!